ബംഗളൂരു: പാലത്തിന്റെ വിള്ളല്‍ പരിശോധിക്കാനെത്തിയ എംഎല്‍എയും അനുയായികളും രക്ഷപെട്ടത് തലനാരിഴയ്ക്ക്. എംഎല്‍എ നിന്ന പാലത്തിന്റെ ഒരു ഭാഗം അടര്‍ന്ന് വീണു. കര്‍ണാടകയിലെ റായ്ച്ചൂര്‍ ജില്ലയിലെ സിര്‍വാര താലൂക്കിലുള്ള മല്ലറ്റ് ഗ്രാമത്തിലാണ് സംഭവം.
ജെഡിഎസ് എംഎല്‍എ രാജ വെങ്കടപ്പ നായ്ക്കും അനുയായികളുമാണ് തലനാരിഴയ്ക്ക് രക്ഷപെട്ടത്. കനത്ത മഴയെ തുടര്‍ന്ന് പാലത്തില്‍ വിള്ളല്‍ വീണിരുന്നു. ഇത് പരിശോധിക്കാനെത്തിയതായിരുന്നു എംഎല്‍എ.
എംഎല്‍എയും അനുയായികളും പാലത്തില്‍ കയറി നിന്നതോടെ ഭാരം താങ്ങാനാകാതെ പാലത്തിന്റെ ഒരു ഭാഗം തകര്‍ന്ന് വീഴുകയായിരുന്നു. സംഭവത്തില്‍ പരിക്കേറ്റ് നാലു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തകര്‍ന്ന ഭാഗത്തു നിന്നും ഏതാനും അടി മാറിയാണ് എംഎല്‍എ നിന്നിരുന്നത്. അതിനാലാണ് അദ്ദേഹം തലനാരിഴയ്ക്ക് രക്ഷപെട്ടത്. എംഎല്‍എയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്.