കൊല്ലം: പഞ്ചവാദ്യത്തിന് ശബ്ദം പോര, ക്ഷേത്ര ജീവനക്കാരനെ തോര്ത്തില് കല്ലു കെട്ടി മര്ദിച്ചു. ചവറ തേവലക്കര ദേവീക്ഷേത്രത്തിലെ താല്ക്കാലിക പഞ്ചവാദ്യ ജീവനക്കാരനായ വേണുഗോപാലിനാണ് മര്ദനമേറ്റത്.
ക്ഷേത്ര ഉപദേശക സമിതിയുടെ മുന് സെക്രട്ടറിയാണ് വേണുഗോപാലിനെ മര്ദിച്ചത്. വേണുഗോപാലിന്റെ പരാതിയില് തെക്കുംഭാഗം പോലീസ് കേസെടുത്തിട്ടുണ്ട്.
ക്ഷേത്രത്തില് ശീവേലി ചടങ്ങിന് എത്തിയ പ്രതി പഞ്ചവാദ്യത്തിന് ശബ്ദം കുറഞ്ഞെന്ന് പറഞ്ഞ് മര്ദിക്കുകയായിരുന്നു. ആക്രമണത്തില് ഇയാളുടെ തലയ്ക്കും മുതുകിനും പരിക്കേറ്റു.
പ്രതി മദ്യലഹരിയിലായിരുന്നെന്നും വേണുഗോപാല് നല്കിയ പരാതിയില് പറയുന്നു. മറ്റ് ക്ഷേത്ര ജീവനക്കാര് എത്തിയാണ് വേണുഗോപാലിനെ ആക്രമണത്തില് നിന്നും രക്ഷപെടുത്തിയത്.
ആക്രമണത്തിന് ശേഷം ഒളിവില് പോയ പ്രതിയെ പിടികൂടാനായിട്ടില്ല. ഇതിന് പിന്നില് ഒത്തുകളിയുണ്ടെന്നും ആരോപണമുണ്ട്.