മുക്കം: മുക്കുപണ്ടം പണയംവച്ച് പണം തട്ടിയ സംഭവത്തില്‍ കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബു പൊലുകുന്ന് ഒളിവില്‍ .
കേരള ഗ്രാമീണ ബാങ്ക് കൊടിയത്തൂര്‍ ശാഖയില്‍ പന്ത്രണ്ട് പവന് മുക്കുപണ്ടം പണയംവച്ച് മൂന്നര ലക്ഷം രൂപ തട്ടിയ കേസില്‍ ബാബു പൊലുകുന്നിനെതിരെ മുക്കം പോലീസ് കേസെടുത്തിട്ടുണ്ട്.
കേരള ഗ്രാമീണ ബാങ്ക് കൊടിയത്തൂര്‍ ശാഖ മാനേജര്‍ രശ്മി എസ്.രഘു നല്കിയ പരാതിയിലാണ് പോലീസ് കേസെടുത്തത്.
കഴിഞ്ഞ ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം. ബാബു പൊലുകുന്നത്തിന് പുറമെ കൊടിയത്തൂര്‍ സ്വദേശികളായ മാട്ടുമുറിക്കല്‍ സന്തോഷ് കുമാര്‍, സന്തോഷിന്റെ ഭാര്യ ഷൈനി, വിഷ്ണു കയ്യൂണുമ്മല്‍ എന്നിവര്‍ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.
വഞ്ചന കുറ്റത്തിന് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് (ഐ.പി.സി 420) എടുത്തിട്ടുള്ളത്.
കഴിഞ്ഞദിവസം പെരുമണ്ണ സര്‍വീസ് സഹകരണ ബാങ്കില്‍ മുക്കുപണ്ടം പണയം വെക്കുന്നതിനിടെ കൊടിയത്തൂര്‍ സ്വദേശികളായ മാട്ടുമുറിക്കല്‍ സന്തോഷ് കുമാര്‍ , വിഷ്ണു കയ്യൂണുമ്മല്‍ എന്നിവരെ പന്തീരാങ്കാവ് പോലീസ് പിടികൂടിയിരുന്നു.
കേസില്‍ ഉള്‍പ്പെട്ടവര്‍ കേരള ഗ്രാമീണ ബാങ്കിന്റെ കൊടിയത്തൂര്‍ ശാഖയിലും സ്വര്‍ണം പണയം വെച്ചതായി ബാങ്ക് അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് സ്വര്‍ണാഭരണങ്ങള്‍ എടുത്ത് പരിശോധന നടത്തിയത്.
അതേ സമയം ബാബു പൊലുകുന്നത്ത് ഇത്തരമൊരു കൃത്യം ചെയ്യില്ലെന്നാണ് നാട്ടുകാരും പാര്‍ട്ടി പ്രാദേശിക നേതൃത്വവും പറയുന്നത്.
സാമ്പത്തിക ബുദ്ധിമുട്ടുണ്ടെന്നും കയ്യിലുള്ള സ്വര്‍ണം പണയംവയ്ക്കാന്‍ സഹായിക്കണമെന്നും ആവശ്യപ്പെട്ട് വിഷ്ണു ബന്ധപ്പെട്ടതിനെ തുടര്‍ന്ന് വിഷ്ണു പറഞ്ഞ സ്ഥലത്ത് ബാബു പൊലുകുന്നത്ത് ഒപ്പിട്ടു നല്‍കുകയായിരുന്നെന്നും ഇവര്‍ പറയുന്നു.
വിഷ്ണുവും സംഘവും മുക്കുപണ്ടം പണയപ്പെടുത്തി തട്ടിയത് 32 ലക്ഷം
മുക്കം: ദളിത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി നെല്ലിക്കാപറമ്പ് സ്വദേശി വിഷ്ണു കയ്യൂണുമ്മലും സംഘവും മുക്കുപണ്ടം പണയപ്പെടുത്തി മലയോരമേഖലയിലെ രണ്ടു ബാങ്കുകളില്‍നിന്ന് തട്ടിയത് 32 ലക്ഷത്തോളം രൂപ.
ഗ്രാമീണ ബാങ്കിന്റെ കൊടിയത്തൂര്‍ ശാഖയില്‍ നിന്ന് 24.26 ലക്ഷം രൂപയും കാര്‍ഷിക – ഗ്രാമവികസന ബാങ്കിന്റെ അഗസ്ത്യന്മുഴി ശാഖയില്‍ നിന്ന് 7.2 ലക്ഷം രൂപയുമാണ് മുക്കുപണ്ടം പണയപ്പെടുത്തി സംഘം കൈക്കലാക്കിയത്.
ഒറിജിനലിനെ വെല്ലുന്ന പാദസരവും മാലയും വളയും ഉള്‍പ്പെടെയുള്ള വ്യാജ സ്വര്‍ണാഭരണങ്ങളാണ് ഇവര്‍ പണയപ്പെടുത്തിയത്.
പെരുമണ്ണ സര്‍വീസ് സഹകരണ ബാങ്കില്‍ മുക്കുപണ്ടം പണയംവയ്ക്കുന്നതിനിടെ വിഷ്ണുവും സന്തോഷ് കുമാറും പിടിയിലായതിനെ തുടര്‍ന്നാണ് ഇവര്‍ ഇടപാടുകള്‍ നടത്തിയിരുന്ന ഗ്രാമീണ ബാങ്കിന്റെ കൊടിയത്തൂര്‍ ശാഖയിലും കാര്‍ഷിക – ഗ്രാമവികസന ബാങ്കിന്റെ അഗസ്ത്യന്മുഴി ശാഖയിലും ബാങ്ക് അധികൃതര്‍ പരിശോധന നടത്തിയത്.
ഗ്രാമീണ ബാങ്കില്‍ ആയിരത്തി അറുന്നൂറ് പണയപ്പൊതികളാണുള്ളത്. ഇതില്‍ 260 എണ്ണം മാത്രമാണ് ചീഫ് മാനേജര്‍ പി.സുന്ദരന്റെ നേതൃത്വത്തിലുള്ള സംഘത്തിന് വെള്ളിയാഴ്ച പരിശോധിക്കാനായത്.
ഇതില്‍ ഒന്‍പത് കവറുകളിലേത് മുക്കുപണ്ടമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. നാല് തവണ വിഷ്ണുവിന്റെ പേരിലാണ് മുക്കു പണ്ടം പണയപ്പെടുത്തിയത്.
പിന്നീട് സന്തോഷ് കുമാറിന്റെയും ഭാര്യ ഷൈനിയുടെയും പേരില്‍ പണയപ്പെടുത്തി. ഇതിനിടയില്‍ ഒരു തവണ കൊടിയത്തൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബു പൊലുകുന്നിന്റെ പേരില്‍ മുക്കുപണ്ടം പണയപ്പെടുത്തി.
മറ്റു ബ്രാഞ്ചുകളിലെ അപ്രൈസര്‍മാരുടെ സഹകരണത്തോടെയാണ് ബാങ്കില്‍ പരിശോധന നടത്തുന്നത്. ബാക്കിയുള്ള പണയപ്പൊതികള് വരും ദിവസങ്ങളില്‍ പരിശോധിക്കും.
കാര്‍ഷിക വികസന ബാങ്ക് അധികൃതരും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മറ്റു ബാങ്കുകളിലും ഇത്തരത്തില്‍ മുക്കുപണ്ടം പണയം വച്ചിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.