പത്തനംതിട്ട: ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്ന എല്‍ഡിഎഫ്, യുഡിഎഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ബിജെപി ഒമ്പത് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ ശനിയാഴ്ച പ്രഖ്യാപിച്ചിരുന്നു.
യുഡിഎഫില്‍ കോണ്‍ഗ്രസിന്റെ 13 സ്ഥാനാര്‍ഥികളെ ഇന്നലെ പ്രഖ്യാപിച്ചിരുന്നു. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം രണ്ട് സ്ഥാനാര്‍ഥികളെയും കോയിപ്രത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെയും ഇന്ന് പ്രഖ്യാപിക്കും.
ചിറ്റാറിൽ ബിനിലാൽ
കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയിലേറെയും പുതുമുഖങ്ങളാണ്. നിലവിലെ അംഗങ്ങളില്‍ കോന്നിയിലെ ബിനിലാല്‍ ചിറ്റാര്‍ മണ്ഡലത്തില്‍ ജനവിധി തേടും. പട്ടികയിലുള്ള ഏക സിറ്റിംഗ് മെംബറാണിത്.
മുന്‍ വൈസ് പ്രസിഡന്റ് ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍ കോയിപ്രം സീറ്റിനുവേണ്ടി ശ്രമം നടത്തിയിരുന്നെങ്കിലും ഗ്രൂപ്പ് സമവാക്യത്തില്‍ പുറന്തള്ളപ്പെട്ടു.
നിലവില്‍ എ ഗ്രൂപ്പ് ഒമ്പത് മണ്ഡലങ്ങളിലും ഐ ഗ്രൂപ്പ് അഞ്ചിടത്തുമാണ് സ്ഥാനാര്‍ഥികളെ നിശ്ചയിച്ചത്. എ ഗ്രൂപ്പിനു മാറ്റിവച്ച കോയിപ്രത്ത് കെപിസിസി സെക്രട്ടറി അനീഷ് വരിക്കണ്ണാമലയുടെയും മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലാലു തോമസിന്റെയും പേരുകള്‍ പട്ടികയിലുണ്ട്.
മുന്‍ ജില്ലാ പഞ്ചായത്തംഗങ്ങളായ റോബിന് പീറ്ററും സുധ കുറുപ്പും പട്ടികയിലുണ്ട്. മണ്ഡലം തിരിച്ചുള്ള പട്ടിക – . ചിറ്റാര്‍ – ബിനിലാല്‍, കോന്നി – അജോമോന്‍, പ്രമാടം – റോബിന് പീറ്റര്‍, . ഏനാത്ത് – സി. കൃഷ്ണകുമാര്‍, കോഴഞ്ചേരി – മോളി ബാബു, മലയാലപ്പുഴ – സാമുവല്‍ കിഴക്കുപുറം, അങ്ങാടി – ജെസി അലക്സ്, ഇലന്തൂര്‍ – എം.ബി. സത്യന്, .
ആനിക്കാട് – ടി.കെ. ഓമന, മല്ലപ്പള്ളി – വിബിത ബാബു, കൊടുമണ്‍ – ലക്ഷ്മി അശോക്, പള്ളിക്കല്‍ – സുധാ കുറുപ്പ്, കുളനട – ജി. രഘുനാഥ്. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം മത്സരിക്കുന്ന പുളിക്കീഴ്, റാന്നി മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥിപട്ടിക ഇന്ന് പാര്‍ട്ടി വര്‍ക്കിംഗ് ചെയര്മാന് പി.ജെ. ജോസഫിന്റെ അംഗീകാരത്തോടെ പ്രഖ്യാപിക്കുമെന്ന് ജില്ലാ പ്രസിഡന്റ് വിക്ടര്‍ ടി.തോമസ് അറിയിച്ചു.
പ്രമാടത്ത് രാജേഷ് ആക്ലേത്ത്
എല്‍ഡിഎഫിന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനം ഇന്നു രാവിലെ നടന്നു. സിപിഎം 10, സിപിഐ മൂന്ന്, കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം രണ്ട്, ജനതാദള്‍ എസ് ഒന്ന് എന്നിങ്ങനെയാണ് മത്സരിക്കുന്നത്.
സിപിഎം മത്സരിക്കുന്ന മണ്ഡലങ്ങളില്‍ ജില്ലാ കമ്മിറ്റിയംഗങ്ങളായ ഓമല്ലൂര്‍ ശങ്കരന് (ഇലന്തൂര്‍), പി.ബി. ഹര്‍ഷകുമാര്‍ (ഏനാത്ത്) എന്നിവര്‍ മത്സരരംഗത്തുണ്ട്. മല്ലപ്പള്ളിയില്‍ കവിയൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ലതാകുമാരിയാണ് സിപിഎം സ്ഥാനാര്‍ഥി.
മലയാലപ്പുഴയില്‍ ജിജോ മോഡിയും പ്രമാടത്ത് രാജേഷ് ആക്ലേത്തും സ്ഥാനാര്‍ഥികളാകും. സിപിഐയുടെ കോന്നി മണ്ഡലത്തില്‍ കോന്നിയൂര്‍ പി.കെയും പള്ളിക്കലില്‍ ശ്രീനദേവി കുഞ്ഞമ്മയുമാണ് സ്ഥാനാര്‍ഥികള്‍. ആനിക്കാട്ട് രാജി പി.രാജന് മത്സരിക്കും.
ജനതാദള്‍ മത്സരിക്കുന്ന കോഴഞ്ചേരിയില്‍ സാറാ തോമസാണ് സ്ഥാനാര്‍ഥി. റാന്നി, പുളിക്കീഴ് മണ്ഡലങ്ങളിലാണ് കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം മത്സരിക്കുന്നത്. റാന്നിയില്‍ ജോര്‍ജ് ഏബ്രഹാമാണ് സ്ഥാനാര്‍ഥി.
കുളനടയിൽ അശോകൻ കുളനട
എന്‍ഡിഎ പട്ടികയില്‍ ബിജെപി ജില്ലാ പ്രസിഡന്റ് അശോകന് കുളനടയാണ് കുളനട മണ്ഡലത്തിലെ സ്ഥാനാര്‍ഥി. അജയകുമാര്‍ വല്ല്യുഴത്തില്‍ കോയിപ്രത്തും ജില്ലാ ജനറല്‍ സെക്രട്ടറി വി.എ. സൂരജ് പ്രമാടത്തും സ്ഥാനാര്‍ഥികളാകും.