പത്തനംതിട്ട: ഡിസംബര്‍ എട്ടിനു തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പ് നടക്കുന്ന പത്തനംതിട്ട ജില്ലയില്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇനി അവശേഷിക്കുന്നത് ഒരുമാസം മാത്രം.
സ്ഥാനാര്‍ഥി നിര്‍ണയം അടക്കമുള്ള ചര്‍ച്ചകള്‍ അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തീകരിക്കണം. 12നു തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറങ്ങും. നാമനിര്‍ദേശ പത്രികകള്‍ 19വരെ നല്‍കാം. സൂക്ഷമപരിശോധന 20നു നടക്കും.23 വരെ പത്രിക പിന്‍വലിക്കാം.
പത്തനംതിട്ടയിലെ 53 ഗ്രാമപഞ്ചായത്തുകള്‍, എട്ട് ബ്ലോക്ക്, ജില്ലാ പഞ്ചായത്ത്, നാല് നഗരസഭകള്‍ എന്നിവിടങ്ങളിലായി 1042 ജനപ്രതിനിധികളാണ് തെരഞ്ഞെടുക്കപ്പെടേണ്ടത്.
53 ഗ്രാമപഞ്ചായത്തുകളിലും നാല് നഗരസഭകളിലുമായി ജില്ലയില്‍ ക്രമീകരിച്ചിട്ടുള്ളത് 1459 പോളിംഗ് ബൂത്തുകള്‍. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന് 1326 പോളിംഗ് ബൂത്തുകളും നഗരസഭകളില്‍ 133 ബൂത്തുകളുമാണുള്ളത്.
ജില്ലാ പഞ്ചായത്തില്‍ 16 മണ്ഡലങ്ങളാ (ഡിവിഷനുകള്‍) ണുള്ളത്. എട്ട് ബ്ലോക്ക് പഞ്ചായത്തുകളില്‍ 106 മണ്ഡലങ്ങളുണ്ട്. മല്ലപ്പള്ളി, പുളിക്കീഴ്, കോയിപ്രം, ഇലന്തൂര്‍, റാന്നി, കോന്നി, പന്തളം ബ്ലോക്ക് പഞ്ചായത്തുകളില്‍ 13 വീതം മണ്ഡലങ്ങളും പറക്കോട്ട് 15 മണ്ഡലങ്ങളുമുണ്ട്. 53 ഗ്രാമപഞ്ചായത്തുകളില്‍ 788 മണ്ഡലങ്ങളാ (വാര്‍ഡുകള്‍) ണുള്ളത്.