കോഴിക്കോട് : തദ്ദേശതെരഞ്ഞെടുപ്പ് വരെ സ്വര്‍ണക്കടത്ത് വിവാദം ആളിക്കത്തിക്കാനൊരുങ്ങി ബിജെപി. സംസ്ഥാനത്ത് കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാരിനെതിരേ പ്രത്യക്ഷ സമരം നിര്‍ത്താന്‍ യുഡിഎഫും യുവജന സംഘടനകളും തീരുമാനിച്ചെങ്കിലും ബിജെപി പിന്മാറിയിട്ടില്ല.
കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് സംസ്ഥാന സര്‍ക്കാരിനെതിരേയുള്ള സമരം ശക്തിപ്പെടുത്തുമെന്ന് സംസ്ഥാന പ്രസിഡന്റ് വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് സ്ത്രീകളേയും യുവാക്കളേയും ഉള്‍പ്പെടുത്തി സമരം ശക്തമാക്കുന്നത്.
ഇതുവരെ ജില്ലാ കേന്ദ്രങ്ങളിലായിരുന്നു ബിജെപിയുടെയും പോഷകസംഘടനകളുടേയും പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നത്. എന്നാല്‍ ഇത്തരം സമരം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടു തുടരാന്‍ സാധിക്കില്ല. ഇതോടെ പ്രതിഷേധ പരിപാടികള്‍ വികേന്ദ്രീകരിച്ച് നടപ്പാക്കാനാണ് ബിജെപി തീരുമാനിച്ചത്.
പഞ്ചായത്ത് അടിസ്ഥാനത്തിലുള്ള സമരങ്ങളാണ് ഇനി സംഘടിപ്പിക്കുന്നതെന്ന് ബിജെപി വൃത്തങ്ങള്‍ അറിയിച്ചു. ഓരോ ബൂത്തുകളില്‍ നിന്നും പ്രവര്‍ത്തകരെ കണ്ടെത്തി പഞ്ചായത്ത്, വില്ലേജ് , ഓഫീസുകള്‍ക്ക് മുന്നില്‍ പ്രതിഷേധം നടത്തും. സമരങ്ങള്‍ ഏകോപിപ്പിക്കുന്നതിന് പ്രദേശിക നേതാക്കള്‍ക്കു ചുമതല നല്‍കും.
പ്രാദേശികാടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരേയുള്ള സമരം ശക്തമാക്കുന്നത് തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍. വീടുകയറിയുള്ള പ്രചാരണത്തേക്കാളേറെ സ്വാധീനിക്കുക ഇത്തരം പ്രതിഷേധ പരിപാടികളാണെന്നാണ് പ്രദേശിക നേതൃത്വങ്ങളും കരുതുന്നത്.
അതിനാല്‍ സ്വര്‍ണക്കടത്ത് വിഷയം ലൈവാക്കി നിര്‍ത്താനാണ് ബിജെപിയുടെ തീരുമാനം. തദ്ദേശതെരഞ്ഞെടുപ്പില്‍ കൂടുതല്‍ വാര്‍ഡുകള്‍ പിടിച്ചെടുക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ ഇതിനകം തന്നെ സംസ്ഥാന നേതൃത്വം പ്രാദേശിക ഘടകങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്.
ബിജെപി ഭരിക്കുന്ന തദ്ദേശവാര്‍ഡുകളില്‍ പരമാവധി വികസനം കൊണ്ടുവരാന്‍ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ബിജെപി വാര്‍ഡുകളില്‍ പരമാവധി കേന്ദ്രഫണ്ടുപയോഗിച്ചുള്ള വികസനങ്ങള്‍ നടപ്പാക്കിയിട്ടുണ്ട്.
ഇതും തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് അനുകൂലമാവുമെന്നാണ് പാര്‍ട്ടി നേതൃത്വം കരുതുന്നത്.