തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ 16 വാർഡുകളിലെ വിജയത്തിലൂടെ എൽ.ഡി.എഫിന് മേൽക്കോയ്മ. 12 വാർഡുകളിൽ യു.ഡി.എഫ് വിജയിച്ചു. കോഴിക്കോട് ജില്ലയിലെ ഒഞ്ചിയം ഗ്രാമപഞ്ചായത്ത് ഭരണം ആർ.എം.പി നിലനിർത്തിയതാണ് തെരഞ്ഞെടുപ്പ് ഫലങ്ങളിലെ ശ്രദ്ദേയമായ ജയം. ഒഞ്ചിയം പുതിയോട്ടുംകണ്ടി വാർഡിൽ ആർ.എം.പി സ്ഥാനാർഥി പി. ശ്രീജിത്ത് വിജയിച്ചു. സി.പി.എം സ്ഥാനാർഥി രാജാറാം തൈപ്പള്ളിയെ 308 വോട്ടുകൾക്കാണ് പി. ശ്രീജിത്ത് തോൽപ്പിച്ചത്.
മലപ്പുറം ജില്ലയിൽ നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ കാവനൂർ പഞ്ചായത്തിലും തിരൂർ ബ്ലോക്കിലും യുഡിഎഫിന് ഭരണം നഷ്ടമായി. പുറത്തൂർ ഡിവിഷനിൽ എൽ.ഡി.എഫ് സഥാനാർഥി സി.ഒ ബാബുരാജ് വിജയിച്ചതോടെയാണ് തിരൂർ ബ്ലോക്കിൽ ഭരണം നഷ്ടമായത്. നിലവിൽ ഒന്പത് അംഗങ്ങളുമായി ഇരുവരും തുല്യ നിലയിലായിരുന്നു.
കാവനൂർ പഞ്ചായത്തിലെ 16-ാം വാർഡിൽ നടന്ന തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥി പൊട്ടണംചാലി ഷാഹിന യു.ഡി.എഫിലെ മുക്കണ്ണൻ സഫിയയെ 40 വോട്ടിനാണ് പരാജയപ്പെടുത്തിയത്. ആലപ്പുഴ നഗരസഭ ഉപതെരഞ്ഞെടുപ്പിൽ കോണ്ഗ്രസിന് തിരിച്ചടി. തെരഞ്ഞടുപ്പ് നടന്ന ഏക വാർഡ് ജില്ലാ കോടതിയിൽ സ്വാതന്ത്ര സ്ഥാനാർഥി ബി. മെഹ്ബൂബിന് ജയം. 521 വോട്ടിന്റെ വൻ ഭൂരിപക്ഷത്തിലാണ് മെഹബൂബിൻറെ വിജയം. 815 വോട്ടുകൾ മെഹബൂബ് നേടിയപ്പോൾ. യു.ഡി.എഫിന് 294 വോട്ടിൽ തൃപ്തിപെടേണ്ടി വന്നു.
കണ്ണൂർ ജില്ലയിൽ ഉപതിരഞ്ഞെടുപ്പ് നടന്ന മൂന്ന് വാർഡുകളിലും എൽ.ഡി.എഫിന് ജയം. കൊച്ചി കോർപറേഷൻ 52ാം വാർഡിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് ജയിച്ചു. എറണാകുളം കോട്ടപ്പടി പഞ്ചായത്ത് ഒന്നാം വാർഡിൽ യു.ഡി.എഫ് സ്ഥാനാർഥി വിജയിച്ചു.
ആലപ്പുഴ കുന്നുകര പഞ്ചായത്ത് ഭരണം യു.ഡി.എഫ് നിലനിർത്തി. തിരുവനന്തപുരം ചാമ വിളപുറം വാർഡ് എൽ.ഡി.എഫിൽ നിന്ന് യു.ഡി.എഫ് പിടിച്ചെടുത്തു. പാലക്കാട് കൽപ്പാത്തിയിൽ യു.ഡി.എഫ് വിജയിച്ചു. ഒക്കൽ പഞ്ചായത്തിലെ ചേലാമറ്റം വാർഡ് യു.ഡി.എഫ് നിലനിർത്തി.റാന്നിയിലെ പുതുശ്ശേരിമല വാർഡ് എൽ.ഡി.എഫ് നിലനിർത്തി. അഗളിയിലെ പാക്കുളം നാലാം വാർഡിൽ യു.ഡി.എഫ് സ്ഥാനാർഥിക്ക് ജയം.