എരുമേലി: വിവരാവകാശ അപേക്ഷയ്ക്ക് രണ്ട് രൂപ ഫീസ് കിട്ടാൻ കത്തയച്ചത് 27 രൂപ ചെലവിട്ട്. എരുമേലി പഞ്ചായത്താണ് ഫീസിന്റെ വലുപ്പം നോക്കാതെ കാര്യമായി തന്നെ രജിസ്റ്റേർഡ് തപാലായി കത്തയച്ച് ആളെ ഞെട്ടിച്ചത്. ശ്രീനിപുരം സ്വദേശി വഴിപ്പറമ്പിൽ ബിജുവാണ് അപേക്ഷ നൽകിയിരുന്നത്.
അപേക്ഷയ്ക്ക് മറുപടി നൽകുന്നതിന് രണ്ട് രൂപ ഫീസ് നൽകണമെന്ന് അറിയിച്ച് പഞ്ചായത്ത് സെക്രട്ടറി കത്ത് അയച്ചത് രജിസ്റ്റേർഡ് തപാൽ ആയാണ്. കത്ത് രജിസ്റ്റർ ചെയ്ത് അയയ്ക്കാൻ 25 രൂപയും തപാൽ കവറിന് രണ്ട് രൂപയും ഉൾപ്പെടെ മൊത്തം 27 രൂപ ചെലവിട്ടു.
ഫീസ് നൽകണമെന്ന് ഫോണിലോ സാധാരണ തപാലിലോ അപേക്ഷകനെ അറിയിക്കാമെന്നിരിക്കെ രണ്ട് രൂപ കിട്ടാൻ 27 രൂപ ചെലവിട്ടത് അസാധാരണമായി മാറുകയാണ്. അതേസമയം അപേക്ഷകനെ അറിയിച്ചെന്ന് ഉറപ്പാക്കാനാണ് രജിസ്റ്റേർഡ് തപാൽ വഴി കത്ത് അയച്ചതെന്ന് സെക്രട്ടറി പറഞ്ഞു.