പത്തനംതിട്ട: പിളര്‍പ്പിനെത്തുടര്‍ന്ന് കേരള കോണ്‍ഗ്രസ് എമ്മിലെ രണ്ടു വിഭാഗങ്ങള്‍ ജില്ലാ പഞ്ചായത്തിലെ രണ്ട് ഡിവിഷനുകളില്‍ നേര്‍ക്കുനേര്‍ പോരാട്ടത്തിനു തയാറെടുക്കുന്നു.
യുഡിഎഫിലായിരുന്ന കേരള കോണ്‍ഗ്രസ് എമ്മിനു നല്‍കിയിരുന്ന പുളിക്കീഴ്, റാന്നി ഡിവിഷനുകളിലാണ് ജോസ്, ജോസഫ് വിഭാഗങ്ങള്‍ തമ്മില്‍ രണ്ട് മുന്നണികളിലായി ഏറ്റുമുട്ടുന്നത്.
പുളിക്കീഴ് നിലവില്‍ കേരള കോണ്‍ഗ്രസിന് സിറ്റിംഗ് സീറ്റാണ്. മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്ന സാം ഈപ്പന് കഴിഞ്ഞയിടെ ജോസഫ് ഗ്രൂപ്പില്‍ ചേര്‍ന്നു.
മുന്‍ ജില്ലാ പഞ്ചായത്തംഗവും ബ്ലോക്ക് പഞ്ചായത്ത് മെംബറുമായ അംബിക മോഹന്‍ ഇത്തവണ ജോസ് വിഭാഗത്തിന്റെ സ്ഥാനാര്‍ഥിയാകും. ജോസഫ് വിഭാഗം സ്ഥാനാര്‍ഥിയെ ഔദ്യോഗികമായി തീരുമാനിച്ചിട്ടില്ല.
റാന്നിയില്‍ കഴിഞ്ഞതവണ നിസാര വോട്ടുകള്‍ക്കാണ് കേരള കോണ്‍ഗ്രസ് എമ്മിലെ എലിസബത്ത് റോയ് സിപിഎമ്മിലെ സൂസന് അലക്സിനോടു പരാജയപ്പെട്ടത്.
ഇത്തവണ ജോസ് ഗ്രൂപ്പില്‍ നിന്ന് ജോര്‍ജ് ഏബ്രഹാം എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാകും. യുഡിഎഫിലെ ജോസഫ് വിഭാഗം സ്ഥാനാര്‍ഥിയെക്കുറിച്ചും പ്രഖ്യാപനമായിട്ടില്ല. മൂന്നു പേരുകളാണ് അന്തിമപട്ടികയിലുള്ളത്.
ഏനാത്ത്, കൊടുമണ്‍, പ്രമാടം, ഇലന്തൂര്‍, മലയാലപ്പുഴ, ചിറ്റാര്‍, മല്ലപ്പള്ളി, അങ്ങാടി, കുളനട, കോയിപ്രം സീറ്റുകളില്‍ സിപിഎം മത്സരിക്കും. സ്ഥാനാര്‍ഥികളെ സംബന്ധിച്ച് ധാരണയായിട്ടുണ്ട്.
ഇന്ന ്പ്രഖ്യാപനമുണ്ടായേക്കും. പള്ളിക്കല്‍, കോന്നി, ആനിക്കാട് മണ്ഡലങ്ങളിലാണ് സിപിഐ മത്സരിക്കുന്നത്. പുളിക്കീഴ്, റാന്നി മണ്ഡലങ്ങളില്‍ കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം മത്സരിക്കും.
കോഴഞ്ചേരിയില്‍ ജനതാദള്‍ -എസ് സ്ഥാനാര്‍ഥിയാണ്. ഘടകകക്ഷികളും തങ്ങളുടെ സ്ഥാനാര്‍ഥി പട്ടികയ്ക്ക് രൂപം നല്‍കിയിട്ടുണ്ട്. ഇവ ഇന്നു പ്രഖ്യാപിച്ചേക്കും.
യുഡിഎഫില്‍ കേരള കോണ്‍ഗ്രസ് – ജോസഫ് വിഭാഗത്തിനു നല്കിയ പുളിക്കീഴ്, റാന്നി മണ്ഡലങ്ങളൊഴികെ കോണ്‍ഗ്രസിനുള്ളതാണ്. പത്തനംതിട്ട നഗരസഭയില്‍ എല്‍ഡിഎഫ് ചര്‍ച്ച ഏതാണ്ട് പൂര്‍ത്തീകരിച്ചെങ്കിലും സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കിയില്ല. സിപിഎം ഏരിയാ കമ്മിറ്റി ഇന്ന് യോഗം ചേര്‍ന്ന് പട്ടികയ്ക്ക് അംഗീകാരം നല്‍കുമെന്നാണ് സൂചന.
യുഡിഎഫില്‍ പത്തനംതിട്ട ചര്‍ച്ച ഇന്നലെയും തുടര്‍ന്നു. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗമായുള്ള തര്‍ക്കങ്ങള്‍ തീര്‍ന്നിട്ടില്ല. മുസ്ലിം ലീഗുമായി ധാരണയായിട്ടുണ്ടെങ്കിലും വാര്‍ഡുകളുടെ കാര്യത്തില്‍ ചില നീക്കുപോക്കുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
തിരുവല്ലയില്‍ ഇരുമുന്നണികളുടെയും ചര്‍ച്ചകളില്‍ പുരോഗതിയുണ്ട്. തീരുമാനം ഇന്നുണ്ടാകുമെന്നാണ് പ്രതീക്ഷ. കേരള കോണ്‍ഗ്രസുമായുള്ള സീറ്റുവിഭജനം രണ്ട് മുന്നണികളിലും പൂര്‍ത്തിയാകാനുള്ളത്.
മറ്റു ഘടകകക്ഷികളുടെയും അവകാശവാദം നിലനില്ക്കുന്നു. സിറ്റിംഗ് സീറ്റുകളില്‍പോലും തര്‍ക്കങ്ങള്‍ ഉടലെടുത്തിട്ടുണ്ട്. അടൂരിലും പന്തളത്തും തര്‍ക്കങ്ങള്‍ തുടരുകയാണ്.