ബിപിഎല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ട ജില്ലാ പഞ്ചായത്ത് അധ്യക്ഷയ്ക്കും കുടുംബത്തിനും കക്കൂസ് പണിയാനുള്ള സാമ്പത്തിക ശേഷി ഇല്ല. പറയുന്നത് തമാശയോ നുണയോ അല്ല. സാമ്പത്തിക പ്രശ്നം കാരണം, കക്കൂസിന്റെ പണി ഒരു വര്‍ഷം മുമ്പ് തുടങ്ങിയതാണെങ്കിലും ഇനിയും അത് പൂര്‍ത്തീകരിച്ചിട്ടില്ല മുന്‍ എംപിയുടെ വീട്ടുകാര്‍. സ്വച്ഛ് ഭാരത് മിഷന് എന്ന പേരില്‍ വൃത്തിയും വെടിപ്പുമുള്ള ഇന്ത്യയ്ക്കായി കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന പഞ്ചവത്സര പദ്ധതിയില്‍ രാജ്യമൊട്ടാകെ ധാരാളം കക്കൂസുകള്‍ നിര്‍മ്മിക്കുന്നു എന്നാണ് സര്‍ക്കാര്‍ അവകാശ വാദം. എന്നാല്‍ ഭരണകക്ഷിയിലെ ഒരു ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ദയനീയ അവസ്ഥയാണ് ഇവിടെ പ്രതിപാദിക്കുന്നത്. മാത്രമല്ല, എംപിയുടെ മകന്റെ വീട്ടിലും സഹോദരന്റെ വീട്ടിലും ഇപ്പോഴും ടോയ്ലറ്റ് ഇല്ലാത്തതിനാല്‍ അവരെല്ലാം വീടിനടുത്തുള്ള പറമ്പുകളിലോ വയലുകളിലോ ആണ് പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റുന്നത്.
മധ്യപ്രദേശില്‍ നിന്ന് അഞ്ചുതവണ BJP എംപിയായി ജയിച്ചതാണ് പരേതനായ ദല്‍പത് സിംഗ് പരസ്തെ. അദ്ദേഹത്തിന്റെ മകളാണ് 2015 മുതല്‍ അനൂപ് പൂര് ജില്ലാ പഞ്ചായത്ത് അധ്യക്ഷയായ രൂപ്മതി സിംഗ് മറാവി. ഭര്‍ത്താവും വക്കീലുമായ രാം സ്വരൂപ് സിംഗ് മറാവിക്കൊപ്പം അനൂപ് പൂര് ജില്ലയിലെ ടാങ്കി ടോള ഗ്രാമത്തിലാണ് ഇവര്‍ താമസിക്കുന്നത്. കക്കൂസ് ഇല്ലാത്തതിനാല്‍ തങ്ങള്‍ തൊട്ടടുത്ത വിജനമായ പറമ്പിലും ചിലപ്പോള്‍ അടുത്ത വയലിലുമാണ് പ്രാഥമിക ആവശ്യങ്ങള്‍ക്കായി പോകുന്നതെന്ന് വിവരമറിഞ്ഞെത്തിയ പത്രക്കാരോട് അവര്‍ വെളിപ്പെടുത്തി.
തങ്ങള്‍ BPL കുടുംബമാണെന്നും അതുകൊണ്ടുതന്നെ കക്കൂസ് ലഭിക്കാന്‍ എല്ലാ അര്‍ഹതയും തങ്ങള്‍ക്കുണ്ടെന്നും അവര്‍ അവകാശപ്പെടുന്നുണ്ട്. മൊന്തയില്‍ വെള്ളവുമായി ദിവസവും വെളിമ്പ്രദേശത്തു പോയി മലമൂത്രവിസര്‍ജനം നടത്തുന്നത് തങ്ങള്‍ക്ക് ദിനചര്യയായി മാറിക്കഴിഞ്ഞെന്നും അച്ഛന് പേരെടുത്ത എംപിയായിരുന്നപ്പോഴും ഞങ്ങളുടെ വീട്ടില്‍ കക്കൂസ് ഉണ്ടായിരുന്നില്ലെന്നും അതുകൊണ്ട് ഇത് വലിയ പ്രശ്നമായി തോന്നുന്നില്ലെന്നുമാണ് രൂപ്മതി സിംഗ് മറാവി പറയുന്നത്. അനൂപ് പൂര് ജില്ലയില്‍ മാത്രം 1.44 ലക്ഷം വീടുകളില്‍ ഇപ്പോഴും ശൗചാലയങ്ങള്‍ ഇല്ല എന്നതാണ് വസ്തുത. മാത്രമല്ല, ഈ മുന്‍ എംപിയുടെ സഹോദരന് ഗംഗാ സിംഗ് മകനും ജില്ലാ പഞ്ചായത്ത് അധ്യക്ഷയുടെ സഹോദരനുമായ ദുര്‍ഗേഷ് സിംഗ് എന്നിവരുടെ വീടുകളിലും കക്കൂസുകള്‍ ഇതുവരെയും നിര്‍മ്മിച്ചിട്ടില്ല. അതേസമയം, കക്കൂസുകള്‍ നിര്‍മ്മിക്കാത്തത് ഈ ഗ്രാമങ്ങളില്‍ വെള്ളത്തിനുള്ള പൈപ്പ് ലൈന്‍ ഇതുവരെ അടാത്തതിനാലാണെന്നും ജില്ലാ പഞ്ചായത്ത് അധ്യക്ഷയുടെ വീട്ടില്‍ കക്കൂസ് ഇല്ലാത്ത കാര്യം തനിക്കറിയില്ലെന്നുമാണ് ജില്ലാ പഞ്ചായത്ത് CEO പറയുന്നത്.