താക്കോലു താടാ, നിന്റെ പ്രസിഡന്റാ പറയുന്നത്..! പഞ്ചായത്ത് സെക്രട്ടറി പ്രസിഡന്റിന്റെ ജീപ്പ് ഒളിപ്പിച്ചുവച്ചു; വനിതാ പ്രസിഡന്റും ശിങ്കിടികളും തട്ടിയെടുത്തു; പിറവന്തൂരില്‍ നടന്ന കോമഡികള്‍ ഇങ്ങനെ…

keyഇതൊരു സിനിമാക്കഥയാണെന്ന് ആരും തെറ്റിദ്ധരിക്കരുതേ. കൊല്ലം ജില്ലയിലെ പിറവന്തൂര്‍ പഞ്ചായത്തില്‍ വ്യാഴാഴ്ച്ച നടന്ന സംഭവങ്ങളാണിത്. സിപിഐക്കാരിയായ വനിതയാണ് ഇവിടെ പഞ്ചായത്ത് പ്രസിഡന്റ്. സിപിഎമ്മുകാരന്‍ വൈസ് പ്രസിഡന്റും. കാര്യം സഖ്യകക്ഷികളാണെങ്കിലും ഇരുപാര്‍ട്ടികളും നേര്‍ക്കുനേര്‍ കണ്ടാല്‍ കീരിയും പാമ്പും പോലെയാണ്. കാര്യമായ റോളില്ലാത്ത പ്രതിപക്ഷമായ കോണ്‍ഗ്രസുകാര്‍ പലപ്പോഴും കാഴ്ച്ചക്കാരാണ്. ഇനി കാര്യത്തിലേക്ക് വരാം. ഭരണസമിതിയില്‍ സിപിഐ-സിപിഎം തര്‍ക്കം മൂര്‍ധന്യാവസ്ഥയിലാണ്. പഞ്ചായത്ത് പ്രസിഡന്റ് സഞ്ചരിക്കുന്നത് ഒരു പഴഞ്ചന്‍ ജീപ്പിലാണ്. തര്‍ക്കം മൂത്തതോടെ പഞ്ചായത്ത് സെക്രട്ടറി ജീപ്പിന്റെ താക്കോല്‍ കൈവശപ്പെടുത്തി. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ താക്കോല്‍ തരില്ലെന്നും പ്രഖ്യാപിച്ചു. ജീപ്പ് സൂക്ഷിച്ച ഷെഡും പൂട്ടി.

പ്രജകളെ കാണാന്‍ ജീപ്പില്ലാതായതോടെ പ്രസിഡന്റ് പാര്‍ട്ടി നേതൃത്വത്തെ വിവരമറിയിച്ചു. ഇതോടെ പാര്‍ട്ടിക്കാര്‍ ജീപ്പ് പിടിച്ചെടുക്കാന്‍ പഞ്ചായത്ത് ഓഫീസിലെത്തി. താക്കോല്‍ തരാന്‍ പറ്റില്ലെന്ന് സെക്രട്ടറി കട്ടായം പറഞ്ഞു. സിപിഐക്കാര്‍ അരമണിക്കൂറോളം സെക്രട്ടറിയെ ഓഫീസിനുള്ളില്‍ തടഞ്ഞുവെച്ചു. ഒടുവില്‍ താക്കോല്‍ ബലം പ്രയോഗിച്ച് വാങ്ങുകയായിരുന്നു. ഭരണസമിതി പിരിച്ച് വിട്ട െ്രെഡവറെ തന്നെ താക്കോല്‍ ഏല്‍പ്പിക്കുകയും ചെയ്തു. താക്കോലുമായി ജീപ്പെടുക്കാന്‍ പോയ പ്രസിഡന്റിനു വാഹനം പുറത്തേക്ക് ഇറക്കാന്‍ സാധിക്കാത്ത വിധം വൈസ് പ്രസിഡന്റിന്റെ വാഹനം പാര്‍ക്ക് ചെയ്തതു വീണ്ടും സ്ഥിതി വഷളാക്കി. സിപിഐ പ്രവര്‍ത്തകര്‍ ബഹളം വച്ചതിനെ തുടര്‍ന്നാണു വാഹനം മാറ്റി പ്രസിഡന്റിനു ജീപ്പില്‍ പോകാനായത്.

ഇതിനിടെ ഭരണസമിതിയില്‍ സിപിഐ തങ്ങളുടെ നിലപാട് കടുപ്പിക്കുകയാണ്. പ്രസിഡന്റിനെതിരെ പ്രവര്‍ത്തിക്കുന്ന വൈസ് പ്രസിഡന്റിനെ ഉള്‍ക്കൊള്ളാന്‍ കഴിയില്ലെന്ന് സിപിഐ പ്രാദേശിക നേതൃത്വം അറിയിച്ചിട്ടുണ്ട്. പ്രസിഡന്റും വൈസ് പ്രസിഡന്റും തമ്മിലുണ്ടായിരുന്ന ശീതസമരം പരസ്യമായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം അടിയന്തിര എല്‍ഡിഎഫ് യോഗം കൂടുകയും പ്രശ്‌നം ചര്‍ച്ച ചെയ്യുയും ചെയ്തിരുന്നു. എഐവൈഎഫുകാരനായ പഞ്ചായത്ത് െ്രെഡവറെ മാറ്റണമെന്നാവശ്യപ്പെട്ട് കേരളാ കോണ്‍ഗ്രസ്(ബി) പ്രതിനിധിയായ വൈസ് പ്രസിഡന്റും സിപിഎം അംഗങ്ങളും രംഗത്ത് വന്നതോടെ പോര് മുറുകി. പ്രസിഡന്റ് സിപിഐ നേതൃത്വത്തെ രാജി സന്നദ്ധത അറിയിക്കുകയും ചെയ്തു.

Related posts