കൊച്ചി: സംസ്ഥാനത്തെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളായ നഗരസഭയിലും കോര്‍പറേഷനുകളിലും വാർഡ് പുനർവിഭജനം നടന്നപ്പോൾ പത്തു ശതമാനം പോലും പട്ടികജാതി സംവരണ സീറ്റുകളില്ല.
തദ്ദേശ സ്വയം ഭരണ വകുപ്പ് 2024 സെപ്റ്റംബര്‍ 10 ന് പുറത്തിറക്കിയ വിജ്ഞാപന പ്രകാരം സംസ്ഥാനത്തെ മുനിസിപ്പല്‍ കോര്പറേഷന് വാര്‍ഡുകളുടെ എണ്ണവും അതില്‍ എസ്സി/എസ്ടി സംവരണ വാര്‍ഡുകളും നിശ്ചയിച്ചിട്ടുണ്ട്. ഇതിലാണ് എസ്സി/എസ്ടി വിഭാഗത്തിന് പത്തു ശതമാനം പോലും സംവരണം ലഭിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്നത്.
പട്ടികജാതി വിഭാഗങ്ങള്‍ക്ക് ഓരോ തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിലും ലഭിക്കേണ്ട 10 ശതമാനം സംവരണം നിയമങ്ങളിലെ പഴുതുകളിലൂടെ അട്ടിമറിക്കപ്പെടുന്നുവെന്നാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്.തിരുവനന്തപുരം കോര്‍പറേഷനില്‍ നിലവില്‍ 100 വാര്‍ഡുകളില്‍ 10 പട്ടികജാതി സംവരണ സീറ്റുകള്‍ ഉണ്ട്.
എന്നാല്‍ 2024 ലെ പുതിയ വിജ്ഞാപന പ്രകാരം 101 വാര്‍ഡുകള്‍ നിലവില്‍ വരുമ്പോള്‍ സംവരണ സീറ്റുകള്‍ ഒമ്പത് ആയി കുറഞ്ഞു. കൊല്ലം, തൃശൂര്‍ കോര്‍പറേഷനുകളില്‍ 56 വാര്‍ഡുകള്‍ വീതമുള്ളപ്പോള്‍ പത്തു ശതമാനം സംവരണ പ്രകാരം അഞ്ചു വാര്‍ഡുകളാണ് ഉണ്ടാകേണ്ടത്. എന്നാല്‍ ഈ രണ്ടിടത്തും നിലവില്‍ നാല് സംവരണ വാര്‍ഡുകള്‍ മാത്രമാണുള്ളത്.
കണ്ണൂര്‍ കോര്‍പറേഷനിലെ 56 വാര്‍ഡുകളില്‍ അഞ്ചു സംവരണ സീറ്റുകള്‍ ഉണ്ടാകേണ്ടതില് മൂന്നു സീറ്റുകള്‍ മാത്രമാണുള്ളത് പുതിയ വിജ്ഞാപന പ്രകാരമുള്ളത്. എറണാകുളം, കോഴിക്കോട് കോര്‍പറേഷനുകളില്‍ 76 വാര്‍ഡുകള്‍ വീതമുള്ളപ്പോള്‍ ഏഴു സീറ്റുകള്‍ ലഭിക്കേണ്ടതാണ്. എന്നാല്‍ എസ്സി/എസ് ടി സംവരണം അഞ്ച് ശതമാനത്തില്‍ താഴെയായി മൂന്നു സീറ്റുകള്‍ മാത്രമാണ് ലഭിച്ചിരിക്കുന്നത്.
- സീമ മോഹന്‍ലാല്‍