പാവറട്ടി: പാവറട്ടി പഞ്ചായത്ത് സെക്രട്ടറിയെ മരിച്ച നിലയിൽ കണ്ടെത്തി. മുല്ലശേരി താണവീഥി സ്വദേശി തണ്ടാശേരി വീട്ടിൽ ഷാജിയെ(52)യാണ് ഇന്നുരാവിലെ പറപ്പൂർ മുള്ളൂർക്കായൽ കോൾബണ്ടിന് സമീപമുള്ള മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പേരമാംഗലം പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ച് മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
പഞ്ചായത്തിലെ കുടിവെള്ള വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കങ്ങളെ തുടർന്ന് ഷാജി അവധിയിലായിരുന്നു. ജോലിയിൽ തിരിച്ചുകയറാൻ പല കാരണങ്ങൾ മൂലവും കഴിഞ്ഞിരുന്നില്ല. ഇതിൽ ഏറെ മാനസിക അസ്വസ്ഥനായിരുന്നു ഷാജിയെന്ന് പറയുന്നു.
ഇന്നലെ വൈകീട്ട് വീട്ടിൽനിന്നു പുറത്തിറങ്ങിയ ഷാജിയുടെ ബൈക്ക് മുല്ലശേരി സ്വദേശിയായ ചീരോത്ത് സുരേഷിന്റെ സൈക്കിളിലിടിക്കുകയും സുരേഷിന് പരിക്കേൽക്കുകയും ചെയ്തിരുന്നു. പരിക്കേറ്റ സുരേഷിനെ ഷാജി തന്നെയാണ് പാവറട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
സുരേഷിന് ഓപ്പറേഷനും മറ്റുമായി വലിയൊരു തുക വരുമെന്ന കാര്യം ഷാജി ഭാര്യയെ വിളിച്ചുപറഞ്ഞിരുന്നതായി പറയുന്നു. പണം കണ്ടെത്താമെന്ന് പറഞ്ഞ് ഭാര്യ ഷാജിയെ ആശ്വസിപ്പിച്ചത്രെ. എന്നാൽ പിന്നീട് ഷാജിയെ കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല.
വീട്ടുകാരും സുഹൃത്തുക്കളും ഷാജിക്കായി തെരച്ചിൽ നടത്തുന്നതിനിടെയാണ് ഇന്നുരാവിലെ ഷാജിയുടെ മൃതദേഹം കണ്ടെത്തിയത്. സമീപം ബൈക്കുമുണ്ടായിരുന്നു. ഭാര്യ; ഷീബ. മക്കൾ: സ്വാതി, സോനു.