വടക്കഞ്ചേരി: വണ്ടാഴി പുല്ലംപാടത്ത് പ്ലാസ്റ്റിക് സാധനങ്ങൾ പൊടിക്കുന്ന കന്പനിയുടെ പ്രവർത്തനം നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ നല്കിയ ഉത്തരവ് മറികടന്ന് സ്ഥാപനത്തിന് പ്രവർത്തിക്കാൻ അനുമതി നല്‍കിയെന്നാരോപിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ നാട്ടുകാർ പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു.
വണ്ടാഴി പഞ്ചായത്ത് ഓഫീസിൽ അദ്ദേഹത്തിന്റെ മുറിക്കുള്ളിലാണ് സെക്രട്ടറിയെ ഉപരോധിച്ചത്. പ്ലാസ്റ്റിക് സാധനങ്ങൾ മാറ്റാനായി ഏഴുദിവസത്തെ സമയം മാത്രമാണ് അനുവദിച്ചതെന്നും മറ്റു വഴിവിട്ട നടപടികളൊന്നും ഉണ്ടായിട്ടില്ലെന്നും നടപടിയെക്കുറിച്ച് സെക്രട്ടറി പറഞ്ഞു.
എന്നാൽ ഒരുവർഷത്തോളമായി തുടരുന്ന സാധനങ്ങൾ നീക്കൽ പ്രവൃത്തി ഇപ്പോഴും തുടരുകയാണെന്നും സാധനങ്ങൾ മാറ്റാനുള്ള സമയം ചോദിച്ച് അവിടെ അനധികൃതമായി കന്പനി പ്രവർത്തിക്കുകയാണെന്നും നാട്ടുകാർ ആരോപിച്ചു.
24 മണിക്കൂറിനുള്ളിൽ കോന്പൗണ്ടിൽ സൂക്ഷിച്ചിട്ടുള്ള മുഴുവൻ സാധനങ്ങളും മാറ്റി സ്ഥലം വൃത്തിയാക്കണമെന്നും വീഴ്ചവരുത്തിയാൽ പഞ്ചായത്തിൽനിന്ന് സാധനങ്ങൾ മാറ്റുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നുമായിരുന്നു ഇക്കഴിഞ്ഞ 22ന് ഡെപ്യൂട്ടി ഡയറക്ടർ ഉത്തരവ് നല്‍കിയത്.
സാധനങ്ങൾ നീക്കിയില്ലെങ്കിൽ മാലിന്യനിക്ഷേപത്തിന് സ്ഥാപന ഉടമയ്ക്കെതിരേ പ്രോസിക്യൂഷൻ ഉൾപ്പെടെയുള്ള നടപടി സ്വീകരിക്കുമെന്നും ഉത്തരവിൽ പറഞ്ഞിരുന്നു. എന്നാൽ ഈ ഉത്തരവു മറികടന്ന് സെക്രട്ടറി സാധനങ്ങൾ മാറ്റാനെന്ന വ്യാജേന സ്ഥാപനം പ്രവർത്തിക്കാൻ കൂടുതൽ ദിവസം അനുവദിക്കുകയായിരുന്നുവെന്നാണ് നാട്ടുകാരുടെ ആരോപണം.
ഒടുവിൽ പോലീസെത്തി സ്ഥാപന ഉടമയെ വിളിച്ചുവരുത്തി. ജൂണ്‍ നാലാംതീയതിക്കുള്ളിൽ പ്ലാസ്റ്റിക് സാധനങ്ങളെല്ലാം മാറ്റുന്നതിനു നിർദേശം നല്കി. നിശ്ചിതസമയത്തിനുള്ളിൽ മാറ്റിയില്ലെങ്കിൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സാധനങ്ങൾ മാറ്റുകയും അതിനു വരുന്ന ചെലവുകൾ ഉടമയിൽനിന്നും വസൂലാക്കാനും ധാരണയായി.
ഇതുസംബന്ധിച്ചു രേഖാമൂലമുള്ള കത്തും സെക്രട്ടറി സമരക്കാർക്ക് നല്കി. പ്രമോദ് തണ്ടലോട്, വി.വിജയൻ, പി.മുരുകേശൻ, സി.കെ.രഞ്ജിത്ത്, പി.ഡി.രതീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഇന്നലെ ഉപരോധസമരം.