കൽപ്പറ്റ: ഇടുക്കി ബൈസൻവാലി പഞ്ചായത്ത് മുൻ പ്രസിഡന്റ് മൗൻസ് പുരത്തിൽ പീർ മുഹമ്മദ് ബാഷയെ(54) രണ്ട് ആനക്കൊന്പുകൾ സഹിതം വനപാലകർ അറസ്റ്റു ചെയ്തു.
സൗത്ത് വയനാട് വനം ഡിവിഷനിലെ മേപ്പാടി റേഞ്ചിൽപ്പെട്ട തൊള്ളായിരം കാട്ടിമറ്റം വനത്തിൽ പരിക്കേറ്റു ചരിഞ്ഞ കാട്ടാനയുടെ ജഡത്തിൽനിന്നു നഷ്ടപ്പെട്ട കൊന്പുകളാണ് വനപാലകർ പിടിച്ചെടുത്തത്.
സൗത്ത് വയനാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ പി. രഞ്ജിത് കുമാർ, മേപ്പാടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ. ബാബുരാജ്, മുണ്ടക്കൈ സ്റ്റേഷൻ ഡപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ പി.ബി. മനോജ്കുമാർ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ വി. മനോജ്, കെ. മണി, കെ.സി. ശിവരാമൻ, വി.എസ്. ജയചന്ദ്രൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ പി. ഷിഹാബ്, ജോമിഷ് കെ. ജോണി, വി. ദാസൻ, കെ. നിധിൻ എന്നിവരടങ്ങുന്ന സംഘം മേപ്പാടിക്കടുത്ത് എമറാൾഡ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുളള സ്ഥലത്തുന്നാണ് കൊന്പുകൾ സഹിതം പ്രതിയെ അറസ്റ്റുചെയ്തത്.
കൊന്പുകൾ കടത്താനുപയോഗിച്ച ജീപ്പും കസ്റ്റഡിയിലെടുത്തു. തൊളളായിരം ഭാഗത്തെ തോട്ടം തൊഴിലാളികളിൽനിന്നു ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് കൊന്പുകൾ കണ്ടെടുക്കാനായത്.
എമറാൾഡ് ഗ്രൂപ്പിന്റെ തോട്ടത്തിന്റെ നോട്ടച്ചുമതല പീർ മുഹമ്മദ് ബാഷയ്ക്കാണ്. പഴുതടച്ചുളള അന്വേഷണമാണ് നഷ്ടപ്പെട്ടു 24 മണിക്കൂറിനകം കൊന്പുകൾ കണ്ടെത്താൻ സഹായകമായതെന്നു മേപ്പാടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ പറഞ്ഞു. കേസിൽ ഇടുക്കി സ്വദേശികളായ മറ്റു മൂന്നു പേരെയും സ്ഥലം ഉടമയെയും പിടികൂടാനുണ്ട്.