ശാസ്താംകോട്ട: പഞ്ചായത്ത് ഓഫീസിന്റെ വാതിൽ അടയ്ക്കാൻ മറന്നതിനെ തുടർന്ന് രാത്രി മുഴുവൻ ഓഫീസ് തുറന്നു കിടന്നു. ഇതിനെത്തുടർന്ന് ബിജെപി പ്രവർത്തകർ സംഘടിച്ചെത്തി ഓഫീസിന് മുന്നിൽ പ്രതിഷേധം നടത്തുന്നു.
ഇന്നലെ രാത്രിയാണ് പോരുവഴി ഗ്രാമപഞ്ചായത്ത് ഓഫീസ് അടയ്ക്കാതെയാണ് ഉത്തരവാദിത്തപ്പെട്ട ജീവനക്കാർ പോയത്.പുറത്തെ ഗേറ്റും പ്രധാന വാതിൽ ഉൾപ്പെടെയുള്ള എല്ലാ വാതിലുകളും തുറന്നിട്ട നിലയിലായിരുന്നു.
പണവും കംപ്യൂട്ടറുകളും വിലപ്പെട്ട രേഖകളും സൂക്ഷിക്കപ്പെടുന്ന പഞ്ചായത്ത് ഓഫീസ് തുറന്ന് കിടന്നതിനെതിരേ ശക്തമായ പ്രതിഷേധമാണ് ഉയർന്നിട്ടുള്ളത്. ഓഫീസിലെ ലൈറ്റുകളും ഫാനുകളും പ്രവർത്തിക്കുന്ന നിലയിലുമായിരുന്നു.
രാത്രി കാലങ്ങളിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചേർന്ന് ഇവിടെ മദ്യപാനം നടത്തി വരുന്നതായി പ്രതിഷേധക്കാർ ആരോപിക്കുന്നു. സ്ഥലത്ത് പോലീസ് എത്തിച്ചേർന്നിട്ടുണ്ട്.പ്രതിഷേധം ഇപ്പോഴും തുടർന്ന് വരികയാണ്.