ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ജീവനക്കാർക്ക് ഡ്യൂട്ടി സമയം ക്രമീകരിക്കുവാൻ ഏർപ്പെടുത്തിയ പഞ്ചിംഗ് സന്പ്രദായം അവതാളത്തിൽ. ജനുവരി ഒന്നു മുതലാണ് സന്പ്രദായം നിലവിൽ വന്നത്. അഞ്ചു പഞ്ചിംഗ് മെഷിനാണു സ്ഥാപിച്ചിരിക്കുന്നത്. ഒരെണ്ണം മാത്രമാണു ഇപ്പോൾ പ്രവർത്തിക്കുന്നത്. നാല് എണ്ണവും തകരാറിലാണ്. മെഷിൻ സ്ഥാപിച്ചിട്ട് ഒരാഴ്ച പൂർത്തികരിക്കുന്നതിനു മുന്പുതന്നെ തകരാറിലായി.
മുന്നൊരുക്കങ്ങളോ അറിയിപ്പോ ഒന്നും തന്നെ ജീവനക്കാർക്ക് നൽകാതെയാണ് ഒന്നാം തിയതി മുതൽ പഞ്ചിംഗ് സന്പ്രദായം ആരംഭിച്ചതെന്നും ആക്ഷേപമുണ്ട്. ഒന്നിനു രാവിലെ ഡ്യൂട്ടിക്കെത്തിയപ്പോഴാണ് ജോലിക്കെത്തുന്പോഴുള്ള രജിസ്റ്ററിൽ ഒപ്പുവയ്ക്കുന്ന സന്പ്രദായം നിർത്തിയെന്ന് അറിയുന്നത്.
ജീവനക്കാർക്ക് ലഭിച്ചിട്ടുള്ള ഐഡി കാർഡ് പഞ്ചിംഗ് മെഷിനിൽ പതിപ്പിച്ചശേഷം ഡ്യൂട്ടിയിൽ പ്രവേശിക്കാമെന്ന് നിർദ്ദേശം ലഭിക്കുന്നത്. ഐഡി കാർഡ് പലരുടേയും കൈവശം ഇല്ലായിരുന്നു. ഉണ്ടായിരുന്ന പലർക്കും ഉപയോഗിക്കുവാൻ അറിയാതെയും വന്നു. ചിലരുടെ കാർഡിന്റെ ചിപ്പ് പിടിക്കുന്നില്ല. ഇതോടെ ജീവനക്കാർ വിഷമിക്കുകയാണ്.
രാവിലെ ഡ്യൂട്ടിക്ക് എത്തുന്നവർ 7.20നും 7.30നും ഇടയ്ക്ക് പഞ്ച് ചെയ്യണം. ഈസമയം കഴിഞ്ഞു പഞ്ചിംഗ് ചെയ്താൽ മാസാവസാനം മണിക്കുറുകൾ കണക്കാക്കി അവധി രേഖപ്പെടുത്തും. 7.20നു മുൻപ് എത്തുന്ന ജീവനക്കാർക്ക് അവർ എത്തുന്ന സമയത്ത് പഞ്ചിംഗ് ചെയ്യുവാനോ, ഡ്യൂട്ടി കഴിഞ്ഞു പോകുന്നവർ 7.40നു മുൻപോ പഞ്ച് ചെയ്യുവാൻ പാടില്ല.
ഒരു മുൻ ഒരുക്കങ്ങളോ, ജീവനക്കാർക്ക് നിർദ്ദേശം കൊടുക്കുകയോ ചെയ്യാതെ പഞ്ചിംഗ് സന്പ്രദായം നടപ്പിലാക്കിയതുമൂലം ഗുണത്തേക്കാളേറെ ജീവനക്കാർക്ക് ദോഷകരമാണ് സംഭവിച്ചിരിക്കുന്നതെന്ന് ഇവർ പറയുന്നു. ഏപ്രിൽ മാസം മുതലേ പഞ്ചിംഗ് സന്പ്രദായത്തിൽ കർശന നിലപാട് സ്വീകരിക്കുകയുള്ളുവെന്ന് ആശുപത്രി അധികൃതർ പറയുന്നു.