കോടിക്കുളം: പഞ്ചായത്തിലെ ഒന്പതാംവാർഡായ വണ്ടമറ്റത്ത് റോഡരികിൽ മാലിന്യം തള്ളിയയാൾക്കെതിരേ നടപടി.
മാലിന്യം തള്ളിയയാളെ കണ്ടെത്തി തിരിച്ചെടുപ്പിച്ച് 10000 രൂപ പിഴ അടപ്പിക്കുകയും ചെയ്തു.
ഞറുക്കുറ്റി ഭാഗത്ത് ആറുചാക്കുകളിലായി നിക്ഷേപിച്ചിരുന്ന മാലിന്യമാണ് വാർഡ് മെംബർ പോൾസണ്‍ മാത്യു അറിയിച്ചതിനെ തുടർന്ന് പഞ്ചായത്ത് അധികൃതരും ആരോഗ്യവകുപ്പും, ഹരിതകർമ സേനാംഗങ്ങളും ചേർന്ന് പരിശോധിച്ചത്.
വിശദമായ പരിശോധനയിൽ ചാക്കുകളിൽ നിന്നും ലഭിച്ച ചില പേപ്പറുകളിൽ നിന്നും മാലിന്യം നിക്ഷേപിച്ചവരെക്കുറിച്ച് ഫോണ്‍ നന്പർ ഉൾപ്പെടെയുള്ള വിവരം ലഭിച്ചിരുന്നു.
ഇവരെ ഉടൻ വിളിച്ചുവരുത്തുകയും 10000 രൂപ പിഴയടപ്പിച്ച് മാലിന്യം നീക്കം ചെയ്യാനാവശ്യപ്പെടുകയും ചെയ്തു. തുടർന്ന് ഇവർ തന്നെ മാലിന്യം നീക്കം ചെയ്തു.
മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് പഞ്ചായത്ത് സെക്രട്ടറി അഗസ്റ്റിൻ, മെഡിക്കൽ ഓഫീസർ ഡോ.സാം വി.ജോണ്‍ എന്നിവർ പറഞ്ഞു.
പരിശോധനയ്ക്ക് ഹെൽത്ത് ഇൻസ്പെക്ടർ അനീഷ് ടോം, ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ സുബീർ, ഹെഡ് ക്ലർക്ക് ജയകുമാർ, വിഇഒ മാരായ മഞ്ജു , ലസീല ഹരിതകർമ സേനാംഗങ്ങളായ പുഷ്പ രാജേഷ്, ബിന്ദു ബിജോ എന്നിവർ പങ്കെടുത്തു.