വിശ്രമ വേളകളെ ആനന്ദകരമാക്കാൻ കുടുംബത്തോടൊപ്പവും സുഹൃത്തുക്കളോടൊപ്പവുമൊക്കെ നമ്മൾ പല സ്ഥലങ്ങളിലും സന്ദർശനം നടത്താറുണ്ട്. പലരും പോകാൻ ഇഷ്ടപ്പെടുന്ന സ്ഥലമാണ് മൃഗശാല. നാനാവിധ പക്ഷി മൃഗാധികൾ ഉള്ളതിനാൽ അത്തരം സ്ഥലത്ത് പോകുന്നത് മനസിനേറെ സന്തോഷം നൽകുന്നതുമാണ്.
എന്നാൽ അവയെ കാണാൻ പോകുന്പോൾ അത്യധികം ശ്രദ്ധിക്കേണ്ടിയുമിരിക്കുന്നു. ഒരിക്കലും നമ്മൾ കാരണം അവരുടെ ജീവനോ ആരോഗ്യത്തിനോ യാതൊരു പ്രശ്നവും ഉണ്ടാവാതെ നോക്കാൻ നാം ബാധ്യസ്ഥരാണ്. അത്തരത്തിൽ ഒരു മൃഗശാല സന്ദർശകന്റെ നിമിഷത്തെ അശ്രദ്ധമൂലം സംഭവിച്ച പ്രവർത്തിയാണ് ഇപ്പോൾ സൈബറിടങ്ങളിൽ വൈറലാകുന്നത്.
നിർഭാഗ്യവശാൽ മൃഗശാലകളിൽ ചപ്പുചവറുകളും സാധനങ്ങളും വലിച്ചെറിയുന്നതു സന്ദർശകർക്കിടയിൽ സർവ സാധാരണമായിക്കൊണ്ടിരിക്കുകയാണ്. ഫോണുകളോ വെള്ളക്കുപ്പികളോ ചിലപ്പോഴൊക്കെ കൈകളിൽ നിന്ന് അറിയാതെ വഴുതിപ്പോകുകയും ചെയ്യാറുണ്ട്.
എന്തൊക്കെ ആണെങ്കിലും വിനോദസഞ്ചാരികൾ വേസ്റ്റ് ബിന്നുകൾ ഉപയോഗിക്കുന്നതിനു പകരം ഉപയോഗശൂന്യമായ വസ്തുക്കൾ പരസ്യമായി വലിച്ചെറിയുകയാണ് പതിവ്.
അടുത്തിടെ ഉണ്ടായ സംഭവത്തിൽ ഒരു വിനോദ സഞ്ചാരി അബദ്ധത്തിൽ ശീതളപാനീയ കുപ്പി പാണ്ടയുടെ അടുത്തേക്ക് വലിച്ചെറിഞ്ഞു. കുപ്പി കണ്ടയുടനെ യുക്കെ എന്നുപേരുള്ള വികൃതിക്കുട്ടൻ പാണ്ട കുപ്പി പിടിച്ചെടുക്കാൻ ശ്രമിക്കുകയും അതിനെ കൗതുകത്തോടെ നിരീക്ഷിക്കുകയും ചെയ്തു. എന്നാൽ പെട്ടന്നുതന്നെ മൃഗശാല പരിപാലകൻ വന്നു ആപ്പിൾ കൊടുത്തു കുപ്പി വാങ്ങി എടുത്തുകൊണ്ടു പോയി.
പാണ്ടയുടെ ഈ രസകരമായ വീഡിയോ സോഷ്യൽ മീഡിയയിൽ അനേകം ലൈക്കുകളും കമന്റുകളും നേടി. എന്നാൽ ഈ വീഡിയോ മൃഗസ്നേഹികൾക്കിടയിൽ ചർച്ചാവിഷയമായി. മൃഗങ്ങളുടെ ചുറ്റുപാടുകളിൽ കുപ്പികളും മറ്റും വലിച്ചെറിയുന്നതിന്റെ അപകടസാധ്യകളെ കുറിച്ചു പലരും ആശങ്ക പങ്കിട്ടു. ആപ്പിൾ കിട്ടിയപ്പോൾ തന്നെ ശീതളപാനീയം കൈമാറാനുള്ള പാണ്ടയുടെ മനസിനെ നെറ്റിസൺസ് അഭിനന്ദിക്കുകയും ചെയ്തു.