ബെയ്ജിംഗ്: ഭീമൻ പാണ്ടകളെ ജർമനിക്ക് വളർത്താൻ നൽകി ചൈനയുടെ സ്നേഹം. നാലു വയസ്സുകാരി മെംഗ് മെംഗ്, ഏഴു വയസ്സുകാരൻ ജിയോ ക്വിംഗ് എന്നീ ഭീമൻ പാണ്ടകളെയാണ് 15 വർഷത്തേക്കു ജർമനിക്കു വളർത്താൻ കൊടുത്തിരിക്കുന്നത്. ചൈന–ജർമനി നയതന്ത്ര സൗഹൃദത്തിന്റെ 45–ാം വാർഷികാഘോഷ പ്രതീകവും കൂടിയാണ് പാണ്ട കൈമാറ്റം.
ലുഫ്താൻസ ചരക്കുവിമാനത്തിൽ പാണ്ടകളെ ബെർലിനിൽ എത്തിച്ചു. ആയിരംകിലോ മുള, പെട്ടിക്കണക്കിന് ആപ്പിൾ, തരാതരം പോലെ ബിസ്കറ്റുകൾ തുടങ്ങിയവയായിരുന്നു 12 മണിക്കൂർ യാത്രയിൽ ഭീമൻ പാണ്ടകളുടെ ഭക്ഷണം. ചെംഗ്ദു പാണ്ട സംരക്ഷണ കേന്ദ്രത്തിലെ രണ്ടു ജീവനക്കാരും ബെർലിൻ മൃഗശാലയിൽനിന്നുള്ള വിദഗ്ധ ഡോക്ടറും ബർലിനിലേക്കുള്ള യാത്രയിൽ ഉണ്ടായിരുന്നു.
1980 കളിലാണ് ചൈന ഭീമൻ പാണ്ടകളെ ജർമനിക്കു സമ്മാനിക്കാൻ തുടങ്ങിയത്. 34 വയസ്സിൽ ലോകത്തെ ഏറ്റവും പ്രായമുള്ള ആൺ പാണ്ടയെന്ന റിക്കാർഡുമായി അഞ്ചുവർഷം മുൻപു പാണ്ടകളിൽ ഒരെണ്ണം ചത്തിരുന്നു.