ജഗീഷ് ബാബു
പത്തനംതിട്ട : ഒരു നഗരത്തിന്റെ ഭരണ നിയന്ത്രണത്തിൽ നിന്നും തുടങ്ങി ക്രമസമധാനപാലനം വരെ വനിതകളുടെ കൈകളിൽ. അതും അയ്യപ്പ സ്വാമിയുടെ ജന്മദേശമെന്ന് കീർത്തികേട്ട പഴയ നാട്ടുരാജ്യമായ പന്തളം ഇനി കുറച്ചുക്കാലം വനിതകളുടെ നിയന്ത്രണത്തിലാവും.
അയ്യപ്പനെയും വാവരെയുമെല്ലാം ഒരേപോലെ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്ന ഒരു ജനത അധിവസിക്കുന്ന നാടിന്റെ ഭരണം വനിത ഏറ്റെടുത്തിനു പിന്നാലെയാണ് ക്രമസമാധാന ചുമതലയും മറ്റൊരു വനിതയുടെ പക്കൽ എത്തുന്നത്.
തദ്ദേശതെരഞ്ഞെടുപ്പിനെ തുടർന്നുണ്ടായ മാറ്റങ്ങളിലൂടെയാണ് പ്രധാന ഭരണ പദവികൾ വനിതകളുടെ കൈകളിൽ എത്തിയതെങ്കിൽ നഗരം കാക്കുന്ന പോലീസിന്റെ പ്രധാന ചുമതല ഇവിടെ ഒരു യുവ വനിത പോലീസ് ഓഫിസറുടെ നിയന്ത്രണത്തിെലെത്തിയതും ഈ അടുത്ത ദിവസങ്ങളിലാണ്.
പന്തളം പോലീസ് സ്റ്റേഷനിൽ പ്രിൻസിപ്പൽ എസ്.ഐ പദവിലെത്തിയ മഞ്ജു വി. നായരാണ് ഇൻസ്പെപെക്ടർ ശ്രീകുമാറിനു മുന്നിലെത്തി ചുമതല ഏറ്റത്. തിരുവല്ലയിലും കൊച്ചി സിറ്റിയിലും സബ് ഇൻസ്പെക്ടറായി മികവ് തെളിയിച്ച മഞ്ജു പന്തളത്തിന്റെ ആദ്യ വനിത എസ് ഐ എന്ന പ്രത്യേകതയും സ്വന്തമാക്കി.
പ്രൊബേഷൻ എസ്.ഐയായി മാവേലിക്കരയിലും ജൂനിയർ എസ്.ഐയായി ചെങ്ങന്നൂരിലും ജോലി ചെയ്തിട്ടുണ്ട്. പന്തളം എൻ.എസ്.എസ്.കോളേജിൽ നിന്നു ബിരുദവും തുടർന്ന് എം.എസ്.സി യും, ബി.എഡും പൂർത്തീകരിച്ചിട്ടുണ്ട്.
രണ്ട് വർഷം മുൻപാണ് പോലിസ് സേനയിൽ ചേർന്നത്. അതിന് മുൻപ് നഗരസഭയിലും റെയിൽവേയിലും പബ്ലിക് റിലേഷൻ വകുപ്പിലും ജോലി ചെയ്തിരുന്നു. പന്തളം നഗരസഭ, ബ്ളോക്ക് പഞ്ചായത്ത് എന്നിവിടങ്ങളിലും വനിത അധ്യക്ഷമാരാണ് ഭരണ നിർവ്വഹണം നടത്തുന്നത്.
നഗരസഭയിൽ ചെയർപേഴ്സണായി സുശീല സന്തോഷ് എത്തിയപ്പോൾ വൈസ് ചെയർമാൻ പദവിയിലും മറ്റൊരു വനിതയായ യു രമ്യ എത്തി. പന്തളം നഗരസഭയിലെ ഭൂരിപക്ഷം കൗൺസിലറന്മാരും വനിതകളാണ്.
ആകെയുള്ള 33 സീറ്റുകളിൽ ഭൂരിപക്ഷം നേടിയ ബി ജെ പി യിലെ 14 കൗൺസിലർമാരും വനിതകളായതും യാദൃശ്ചികം. പന്തളം ബ്ലോക്ക് പഞ്ചായത്തിൽ രേഖ അനിലാണ് അധ്യക്ഷ. പ്രധാന പദവികൾ വനികൾ ഏറ്റെടുത്തതോടെ വലിയ മാറ്റങ്ങൾക്ക് കാതോർക്കുകയാണീ നഗരം.