പന്തളം: ശബരിമല വിഷയവുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾ പഠിക്കാനായി ബിജെപി അധ്യക്ഷൻ അമിത് ഷാ നിയോഗിച്ച എംപിമാരുടെ സംഘം പന്തളം കൊട്ടാരത്തിലെത്തി. ദേശീയ ജനറൽ സെക്രട്ടറി സരോജ് പാണ്ഡെ എംപിയുടെ നേതൃത്വത്തിൽ പട്ടികജാതി മോർച്ച ദേശീയ അധ്യക്ഷൻ വിനോദ് സോംകാർ, പ്രഹ്ലാദ് ജോഷി, നളിൻ കുമാർ കട്ടീൽ എന്നിവരടങ്ങിയ സംഘമാണ് എത്തിയത്.
ശബരിമലയുടെ മൂലസ്ഥാനമായ പന്തളം വലിയകോയിക്കൽ ശ്രീധർമശാസ്താ ക്ഷേത്രത്തിൽ ദർശനം നടത്തി മേൽശാന്തിയിൽ നിന്നും പ്രസാദവും സ്വീകരിച്ച സംഘം സ്രാന്പിക്കൽ കൊട്ടാരത്തിലെ തിരുവാഭരണ മാളികയിലെത്തി തിരുവാഭരണങ്ങളും കണ്ടു തൊഴുതതിനു ശേഷമാണ് കൊട്ടാരം നിർവാഹക സംഘം പ്രസിഡന്റ് പി.ജി. ശശികുമാർ വർമയുമായി ചർച്ച നടത്തിയത്.
ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ള, സംഘടനാ ജന. സെക്രട്ടറി എൻ. ഗണേശൻ, ജനറൽ സെക്രട്ടറിമാരായ സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ, വക്താവ് ബി. ഗോപാലകൃഷ്ണൻ, പത്തനംതിട്ട ജില്ലാ പ്രസിഡന്റ് അശോകൻ കുളനട, എറണാകുളം ജില്ലാ സെക്രട്ടറി എം.എൻ. ഗോപി എന്നിവരും സംഘത്തോടൊപ്പം എത്തിയിരുന്നു.