പന്തളം: സിപിഎം നേതൃത്വത്തിലുള്ള പന്തളം നഗരസഭാ ഭരണസമിതി മൂന്നാം വയസ് പിന്നിടുന്പോഴാണ് ഉപതെരഞ്ഞെടുപ്പിലെ ദയനീയ പരാജയം. നിലവിൽ സിപിഎം പ്രതിനിധീകരിച്ചിരുന്ന കടയ്ക്കാട് വാർഡിൽ എസ്ഡിപിഐയ്ക്കും യുഡിഎഫിനും പിന്നിലേക്കാണ് സിപിഎം സ്ഥാനാർത്ഥി പിന്തള്ളപ്പെട്ടത്.
ഈ വാർഡിൽ വിജയിച്ച എസ്ഡിപിഐയ്ക്കും രണ്ടാം സ്ഥാനത്തെത്തിയ യുഡിഎഫിനും പിന്നിലായി സിപിഎം സ്ഥാനാർത്ഥി. ഇത് പന്തളത്ത് സിപിഎമ്മിനുള്ളിൽ വലിയ വിവാദങ്ങൾക്ക് വഴിവയ്ക്കുമെന്നാണ് സൂചന. എസ്ഡിപിഐയിലെ എം.ആർ.ഹസീനയ്ക്ക് ഒന്പത് വോട്ടിന്റെ ഭൂരിപക്ഷമാണ് ലഭിച്ചത്. പോൾ ചെയ്ത 804 വോട്ടിൽ 276 വോട്ടുകൾ എസ്ഡിപിഐയ്ക്ക് ലഭിച്ചു.
യുഡിഎഫിലെ റസീനാ ബീവിക്ക് 267 വോട്ടുകൾ ലഭിച്ചപ്പോൾ സിപിഎമ്മിലെ റോസ്നാബീഗത്തിന് 249 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. കടയ്ക്കാട് വാർഡിൽ അത്ര സ്വാധീനമില്ലെങ്കിലും ബിജെപി സ്ഥാനാർത്ഥി രജനിക്ക് 12 വോട്ടുകൾ ലഭിച്ചു. എൽഡിഎഫിന് നിലവിലുണ്ടായിരുന്ന അംഗബലം 15ൽ നിന്ന് 14 ആയാണ് കുറഞ്ഞത്.
നിലവിലെ സാഹചര്യത്തിൽ സിപിഎമ്മിന്റെ ദയനീയ പരാജയം നഗരസഭാ ഭരണസമിതിക്കും വലിയ ക്ഷീണമായി മാറി. പല ഘടകങ്ങളും സിപിഎമ്മിന് അനുകൂലമായിരിക്കെയാണ് പാർട്ടി എസ്ഡിപിഐയ്ക്കും യുഡിഎഫിനും പിന്നിലായതെന്നതാണ് ശ്രദ്ധേയം. നഗരസഭാ ഭരണസമിതിയെ സംബന്ധിച്ച ആക്ഷേപങ്ങൾ തന്നെയാണ് തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതെന്നാണ് വിലയിരുത്തൽ.
വികസന സ്തംഭനം തന്നെയാണ് അണികളെ അകറ്റിയതെന്നും, ഒടുവിൽ പ്രളയാനന്തര ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പോലും ഭരണസമിതിയുടെ ഇടപെടൽ കാര്യക്ഷമമല്ലായിരുന്നെന്ന പരാതി ശക്തമായിരുന്നു. നഗരസഭാ ഭരണസമിതിയിൽ നേതൃമാറ്റത്തിന് ഇതോടെ കളമൊരുങ്ങുമെന്നാണ് സൂചന.
ചെയർപേഴ്സണ് പദവിയിലേക്ക് സിപിഎമ്മിലെ കൃഷ്ണവേണിയേയും വൈസ് ചെയർമാൻ പദവിയിലേക്ക് സിപിഐയിലെ ആർ.ജയനെയും ഉൾപ്പെടുത്തിയുള്ള ഒരു ഇളക്കി പ്രതിഷ്ഠയ്ക്ക് എൽഡിഎഫ് നേതൃത്വം തയാറായേക്കുമെന്നാണ് ഉപതെരഞ്ഞെടുപ്പിനു ശേഷമുള്ള ചർച്ചകൾ വിരൽചൂണ്ടുന്നത്.