പന്തളം: കെഎസ്ആർടിസി ബസുകൾ ഉൾപ്പെടെയുള്ള വാഹന ങ്ങൾക്കും അന്വേഷിക്കാനെത്തിയ സിഐയ്ക്കു നേരേയും കല്ലെറിഞ്ഞ് ആക്രമണം നടത്തിയ കേസിൽ പിടിയിലായത് മൂന്നംഗ സംഘം. കുളനട മാന്തുക ശിവശൈലം വീട്ടിൽ സനൂപ് (22), മാന്തുക ലക്ഷ്മി നിവാസിൽ അക്ഷയ്(19), മാന്തുക വിഷ്ണു ഭവനിൽ വിഷ്ണു(21) എന്നിവരാണ് അറസ്റ്റിലായത്. അടൂർ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
പ്രതികൾ ഉപയോഗിച്ചിരുന്ന രണ്ട് ബൈക്കുകളിലൊന്നിന് ഒന്നേകാൽ ലക്ഷത്തോളം വില വരും. പോലീസ് കസ്റ്റഡിയി ലെടുത്തവയിൽ ഇതുംപെടും. പ്രതികളെ കണ്ടെത്താനുള്ള അന്വേഷണത്തിനിടെ പന്തളം സിഐ ആർ.സുരേഷിനും കല്ലേറിൽ പരിക്കേറ്റതോടെ വേഗത്തിൽ പ്രതികളെ പിടികൂട ണമെന്നത് പോലീസിന്റെ അഭിമാന പ്രശ്നമായി മാറി. മൂന്നാം ദിവസവും ആക്രമണം ആവർത്തിച്ചതോടെ പന്തളം പോലീസിന് ആശങ്കയേറുകയും ചെയ്തിരുന്നു.
അടൂർ ഡിവൈഎസ്പി എസ്.റഫീക്കിന്റെ നിർദേശ പ്രകാര മാണ് കൊടുമണ് സ്റ്റേഷനിലെ എഎസ്ഐ ആർ.രാജീവ്, ഷാഡോ പോലീസിലെ അജി ശാമുവൽ, മനോജ്, അനൂജ്, രാജേന്ദ്രൻ നായർ എന്നിവരടങ്ങുന്ന ടീം രംഗത്ത് വരുന്നത്. മൊബൈൽ ഫോണ് പിന്തുടർന്നുള്ള രീതി ഒഴിവാക്കി, ആക്രമണം നടന്ന മേഖലകളിലെ പൾസർ ബൈക്കു കളുടെ ഉടമകളെ സംബന്ധിച്ച് ആർടി ഓഫീസിലെ വിവരങ്ങൾ ശേഖരിച്ചാണ് സംഘം അന്വേഷണം നടത്തിയത്.
ഉറക്ക മൊഴിഞ്ഞുള്ള അന്വേഷണത്തിൽ പന്തളം പോലീസും മുഴുകിയി രുന്നെങ്കിലും ഷാഡോ പോലീസ് അടങ്ങിയ സംഘമൊരുക്കിയ കെണിയിലാണ് പ്രതികൾ കുടുങ്ങിയത്. ഞായറാഴ്ച രാത്രിയാണ് കുളനട മാന്തുകയിൽ എംസി റോഡിൽ വച്ച് ടൂറിസ്റ്റ് ബസിന് നേരെ ആദ്യമായി കല്ലേറുണ്ടാ യത്. ചൊവ്വാഴ്ച പുലർച്ചെയും കല്ലേറ് ആവർത്തിച്ചു. 1.30ഓടെ മുളക്കുഴയിൽ വെച്ച് മാട്ടുപ്പെട്ടിക്ക് പോയ സൂപ്പർ ഫാസ്റ്റ് ബസിന് സംഘം കല്ലെറിഞ്ഞു.
ബസിലെ യാത്രക്കാരനായിരുന്ന മുൻ എംഎൽഎ പി.സി. വിഷ്ണുനാഥാണ് പന്തളം പോലീസിൽ വിവരമറിയിക്കുന്നത്. ഉടൻ തന്നെ പോലീസ് സ്ഥലത്തെ ത്തിയെങ്കിലും പ്രതികളെ കണ്ടെത്താനായില്ല. മാന്തുക ഗ്ലോബ് കവലയ്ക്ക് സമീപം വച്ച് ഒരു ലോറിക്ക് നേരയും ആക്രമണമുണ്ടായി. സ്ഥലത്തെത്തിയ പന്തളം സിഐ ആർ.സുരേഷ് സഞ്ചരിച്ച ജീപ്പിന് നേരെയുണ്ടായ കല്ലേറിലാണ് അദ്ദേഹത്തിന് പരിക്കേറ്റത്.
15ന് പുലർച്ചെ, പന്തളം മെഡിക്കൽ മിഷൻ കവലയ്ക്കും കുരന്പാലയ്ക്കുമിടയിൽ നാല് വാഹനങ്ങൾ സംഘം ആക്രമി ച്ചു. തിരുവനന്തപുരം-മാട്ടുപ്പെട്ടി സൂപ്പർ ഫാസ്റ്റ് ബസ്, മൂന്നാർ-തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ്, പാലോട്-ഗുരുവായൂർ സൂപ്പർ ഫാസ്റ്റ്, തിരുവനന്തപുരം സഹാറാ ഗ്രൂപ്പിന്റെ വാഹനം എന്നി വയ്ക്ക് നേരെയാണ് പ്രതികൾ കല്ലെറിഞ്ഞത്. ആക്രമണ ത്തിനിരയായ വാഹനങ്ങളുടെ ഡ്രൈവർമാരിൽ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയതെന്ന് സിഐ ആർ.സുരേഷ് പറഞ്ഞു.
രാത്രിയിൽ മൂവർ സംഘം അപകടകരമായി റോഡിലൂടെ വാഹനമോടിച്ചതിനെ ഒരു ലോറി ഡ്രൈവർ ചോദ്യം ചെയ്തു വെന്നും ഇതിന്റെ വിദ്വേഷത്തിൽ ലോറിയെ പിന്തുടർന്നെങ്കിലും കണ്ടെത്താനാവാതെ വന്നതോടെ അതു വഴി വന്ന വാഹ നങ്ങൾ ആക്രമിക്കുകയായിരുന്നുവെന്നാണ് പ്രതികൾ നല്കിയ മൊഴി. മൂന്നാം ദിവസം ആക്രമണം പന്തളത്തേക്ക് മാറ്റിയത് പോലീസിന്റെ ശ്രദ്ധ തിരിക്കാനായിരുന്നെന്നും പ്രതികൾ മൊഴി നല്കി.