തൊടുപുഴ: അയൽവാസിയായ സുഹൃത്തിനോട് കഞ്ചാവ് ബീഡി ചോദിച്ചിട്ട് കൊടുക്കാത്തതിലുള്ള വിരോധംമൂലം തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി നെടുങ്കണ്ടം ചതുരംഗപ്പാറ നമരി ഭാഗം സ്വദേശി പാണ്ടിരാജ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി.
ശിക്ഷ വിധിക്കുന്നതിനായി കേസ് ഇന്നത്തേക്ക് മാറ്റി.2018 ഏപ്രിൽ 24ന് ഉച്ചകഴിഞ്ഞ് 3.30ഓടെ പ്രതി സുഹൃത്തായ രാമറിനോട് കഞ്ചാവ് ബീഡി ചോദിക്കുകയും അത് കൊടുക്കാത്തതിനാലുള്ള വിരോധംമൂലം റോഡ് സൈഡിൽ കിടന്ന കന്പെടുത്ത് രാമറിനെ മർദിക്കുകയുമായിരുന്നു.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ രാമർ മധുര മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് മരണപ്പെട്ടത്.
സംഭവത്തിൽ ദൃക്സാക്ഷികളായ അയൽവാസികളുടെ മൊഴികളും സാഹചര്യ തെളിവുകളും ശാസ്ത്രീയ തെളിവുകളും പ്രോസിക്യൂഷന് കേസ് തെളിയിക്കാൻ സഹായകരമായി.
വൈദ്യപരിശോധനകളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തുന്നതിൽ നിർണായകമായത്.
ശാന്തൻപാറ സിഐമാരായിരുന്ന ടി.ആർ. പ്രദീപ്കുമാർ, എസ്. ചന്ദ്രകുമാർ തുടങ്ങിയവരുടെ മേൽനോട്ടത്തിലാണ് കേസ് അന്വേഷിച്ച് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ മനോജ് കുര്യൻ ഹാജരായി.