കൊട്ടാരക്കര: മൃതപ്രായമായി കിടന്നിരുന്ന പാണ്ടിവയൽ തോടിന്റെ പുനരുജ്ജീവനപ്രവർത്തനങ്ങൾ ലക്ഷ്യത്തോടടുക്കുന്നു. മാതൃകാപരമായ സന്നദ്ധ സേവനത്തിലൂടെ ഏറെ താമസിയാതെ ഈ തോടു വഴി തെളിനീരൊഴുകും.
ഉദ്ഘാടനം നടന്ന എട്ടിന് തന്നെ 18 കി.മീറ്റർ ദൈർഘ്യമുള്ള തോടിന്റെ എല്ലാ ഭാഗങ്ങളിലും ശുചീകരണ ജോലികൾ നടന്നു.ആറു പ്രാദേശിക സഭകളുടെ നേതൃത്വത്തിലായിരുന്നു ഇത്.സമൂഹത്തിന്റെ നാനാതുറയിലും പെട്ട 2500 ഓളം പേർ ആദ്യദിനം തന്നെ സന്നദ്ധ പ്രവർത്തനങ്ങളിൽ പങ്കാളികളായി.
ശുചീകരണ ജോലികളിൽ ജില്ലാ കളക്ടർ ഡോ: എസ്.കാർത്തികേയൻ പങ്കാളിയാവുക കൂടി ചെയ്തതോടെ എല്ലാവരുടെയും ആവേശം ഇരടിച്ചു.സർക്കാരിന്റെ എല്ലാ വകുപ്പുകളും കുടുംബശ്രീ ,തൊഴിലുറപ്പ്, എൻ.സി.സി, എൻ.എസ്.എസ്. സ്റ്റുഡൻസ് പോലീസ്, വ്യാപാരികൾ, കർഷക-വനിതാ സംഘടനകൾ, റസിഡൻസ് അസോസിയേഷനുകൾ, രാഷ്ടീയ പാർട്ടികളുടെ പ്രവർത്തകർ എല്ലാം തന്നെ നവീകരണ ജോലികളിൽ പങ്കാളികളായി.
കാടും മാലിന്യവും ചെളിയും നീക്കം ചെയതു തുടങ്ങിയതോടെ തോട്ടിൽ നീരൊഴുക്കിനു ജീവൻ വെച്ചു തുടങ്ങിയിട്ടുണ്ട്. മനുഷ്യാധ്വാനത്തിന് പാടുള്ള സ്ഥലങ്ങളിൽ ഇപ്പോൾ ജെ.സി.ബിയും ഹിറ്റാച്ചിയുമുപയോഗിച്ച് മണ്ണ് നീക്കം ചെയ്തു വരികയാണ്.ഇതോടൊപ്പം കൈയേറ്റങ്ങൾ കണ്ടെത്താനും വീണ്ടെടുക്കാനുമുള്ള ശ്രമങ്ങളും നടന്നു വരുന്നു.
കൊട്ടാരക്കര മുനിസിപ്പാലിറ്റിയുടെ 15 ഡിവിഷനുകളിൽ കൂടി കടന്നു പോകുന്ന പാണ്ടിവയൽ തോടിന്റെ പുനരുജ്ജീവനം വഴി ലക്ഷ്യമിടുന്നത് കാർഷിക മേഖലയുടെ വീണ്ടെടുപ്പും കുടിവെള്ള ലഭ്യതയുമാണ്. ഇതിനായുള്ള പദ്ധതികൾ കൃഷി വകുപ്പും ജലവിഭവ വകുപ്പും ആവിഷ്ക്കരിച്ചു വരുന്നു.തുടക്കത്തിൽ 50 ഹെക്ടർ സ്ഥലത്ത് നെൽകൃഷിയുൾപ്പെടെ ആരംഭിക്കാനാണ് ശ്രമം.കെ.ഐ.പി യുടെ ഉപയോഗശൂന്യമായി കിടക്കുന്ന കിണറും പമ്പുഹൗസുമെല്ലാം ഉപയോഗ യോഗ്യമാക്കുന്നതിനുള്ള ശ്രമങ്ങളും നടന്നു വരുന്നു.
ഈ തോടിന്റെ പുനരുജ്ജീവനം കൂട്ടായ്മയുടെ വിജയമായിരിക്കുമെന്ന് പദ്ധതിക്ക് നേതൃത്വം നൽകിവരുന്ന മുനിസിപ്പൽ വൈ: ചെയർമാൻ സി. മുകേഷ് പറഞ്ഞു. പുലമൺ തോടു നവീകരണവും ജനകീയ കൂട്ടായ്മയിലൂടെ നടപ്പിലാക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്.