മുംബൈ: സ്വകാര്യ ടെലിവിഷൻ ചാനലിൽ നടത്തിയ സ്ത്രീവിരുദ്ധ പരാമർശം നടത്തിയ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ ഹാർദിക് പാണ്ഡ്യക്കും കെ.എൽ. രാ ഹുലിനും സസ്പെൻഷൻ. ഇരുവരേയും ഓസ്ട്രേലിയയിൽനിന്നും തിരിച്ചുവിളിച്ചു. ഉടൻ നാട്ടിലേക്കു മടങ്ങാൻ ഇരുതാരങ്ങളോടും ആവശ്യപ്പെട്ടതായി കമ്മറ്റി ഓഫ് അഡ്മിനിസ്ട്രേറ്റേഴ്സ് ചെയർമാൻ (സിഒഎ) വിനോദ് റായി അറിയിച്ചു.
ശനിയാഴ്ച ആരംഭിക്കുന്ന ഏകദിന മത്സരത്തിനുള്ള ടീമിലേക്ക് ഇവരെ പരിഗണിക്കരുതെന്ന് ബിസിസിഐ ടീം മാനേജ്മെന്റിനെ അറിയിച്ചു. ഓസ്ട്രേലിയയ്ക്കെ തിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ ഇരുവരേയും ഉൾപ്പെടുത്തിയിരുന്നു.
വിവാദ പരാമർശങ്ങൾ സമൂഹമാധ്യമങ്ങളിലടക്കം വൻ കോളിളക്കം സൃഷ്ടിച്ചതിനെത്തുടർന്ന് ഇരു താരങ്ങൾക്കും ബിസിസിഐ കാരണം കാണിക്കൽ നോട്ടീസ് അയച്ചിരുന്നു. സംഭവത്തിൽ നിർവ്യാജം മാപ്പ് പറയുന്നതായി ഹാർദിക് സമൂഹമാധ്യമത്തിൽ കുറിച്ചു. എന്നാൽ, രാഹുൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.
വിവാദ സംഭവത്തിൽ മാപ്പ് പറഞ്ഞിട്ട് കാര്യമില്ലെന്നും താരങ്ങളുടെ അതിരുവിട്ട സംസാരം അംഗീകരിക്കാനാവുന്നതല്ലെന്നും സിഒഎ അംഗമായ ഡയാന എഡു ൽജി അഭിപ്രായപ്പെട്ടു. തെറ്റായ സന്ദേശമാണ് അപക്വമായ സംസാരത്തിലൂടെ താരങ്ങൾ നല്കിയതെന്ന് ബിസിസിഐയും നിരീക്ഷിച്ചു.