ന്യൂഡൽഹി: ടെലിവിഷൻ ചാനലിൽ നടത്തിയ സ്ത്രീ വിരുദ്ധ പരാമർശത്തിന്റെ പേരിൽ ഹാര്‍ദിക് പാണ്ഡ്യക്കും കെ.എല്‍ രാഹുലിനും ഏർപ്പെടുത്തിയ വിലക്ക് ബിസിസിഐ നീക്കി. സുപ്രീം കോടതി നിയോഗിച്ച പുതിയ അമിക്കസ് ക്യൂറി പി.എസ് നരസിംഹയുമായി ആലോചിച്ചാണ് നടപടി.
ഇരുവര്‍ക്കുമെതിരായ അന്വേഷണം പൂര്ത്തിയാവുന്നതുവരെയായിരുന്നു സസ്പെൻഷൻ. എന്നാൽ അടിയന്തരസ്വഭാവത്തിൽ സസ്പെൻഷൻ പിൻവലിക്കുന്നതായി ബിസിസിഐ പത്രക്കുറിപ്പിൽ അറിയിച്ചു.
ഇതോടെ, ന്യൂസീലൻഡിനെതിരായ ഏകദിന പരമ്പരയിലെ ശേഷിക്കുന്ന മൽസരങ്ങളിൽ ഇരുവർക്കും അവസരം ഒരുങ്ങിയേക്കും. അങ്ങനെ ഉണ്ടായില്ലെങ്കിൽ ആഭ്യന്തര ക്രിക്കറ്റിലോ ഇംഗ്ലണ്ട് എ ടീമിനെതിരായുള്ള പരമ്പരയിൽ ഇന്ത്യൻ എ ടീമിലേക്കോ വിളിവന്നേക്കാം.
ന്യൂസീലൻഡിനെതിരായ ഏകദിന, ട്വന്റി20 പരമ്പരകൾക്കുള്ള ടീമിൽ ആദ്യം ഇരുവരെയും ഉൾപ്പെടുത്തിയിരുന്നു. എന്നാൽ, വിവാദത്തെ തുടർന്ന് ഇവർക്ക് പകരമായി ശുഭ്മാൻ ഗിൽ, വിജയ് ശങ്കർ എന്നിവരെ ടീമിൽ ഉൾപ്പെടുത്തി.
കരണ്‍ ജോഹറിന്റെ ചാറ്റ് ഷോ ആയ കോഫി വിത് കരണിലാണ് പാണ്ഡ്യക്കും രാഹുലിനും നാവ് പിഴച്ചത്. സ്ത്രീവുരദ്ധ പരാമർശം നടത്തിയ ഇരുവർക്കുമെതിരെ വലിയ വിമർശനമാണ് ഉയർന്നുവന്നത്.
ഇതോടെ താരങ്ങളെ ഓസ്ട്രേലിയയിൽനിന്നും നാട്ടിലേക്ക് തിരിച്ചുവിളിച്ചു. വിവാദവുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയ അന്വേഷണം അവസാനിക്കുന്നതുവരെ ഇരുവർക്കും വിലക്ക് ഏർപ്പെടുത്തുകയും ചെയ്തു.