ചെന്നൈ: ചിന്നമ്മയെ പടിയ്ക്കു പുറത്താക്കാന് വിഘടിച്ചു നില്ക്കുന്ന പനീര്സെല്വം-പളനിസ്വാമി വിഭാഗങ്ങള് ഒരുമിക്കാന് സാധ്യത. പാര്ട്ടി ജനറല് സെക്രട്ടറി ശശികലയുടെ കുടുംബം ഉള്പ്പെട്ട മന്നാര്ഗുഡി സംഘത്തില് നിന്ന് അണ്ണാ ഡിഎംകെയെ രക്ഷിക്കാന് ഇരുനേതാക്കളും രഹസ്യകൂടിക്കാഴ്ച നടത്തിയതായാണ് വിവരം. എടപ്പാടി പളനിസ്വാമി മന്ത്രി സഭയിലെ മുതിര്ന്ന മന്ത്രിമാരും എംഎല്എമാരുമാണ് ഈ രഹസ്യനീക്കത്തിനു ചുക്കാന് പിടിയ്ക്കുന്നത്. അണ്ണാ ഡിഎംകെ സര്ക്കാരിന്റെയും പാര്ട്ടിയുടെയും മുമ്പിലുള്ള പ്രതിസന്ധി പരിഹരിക്കാന് വേണ്ടിയാണിത്. ജയിലില് കഴിയുന്ന പാര്ട്ടി ജനറല് സെക്രട്ടറി വി. കെ. ശശികലയും പാര്ട്ടി ഡെപ്യൂട്ടി ജനറല് സെക്രട്ടറിയും ആര്. കെ നഗര് ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്ഥിയുമായ ടി. ടി. വി ദിനകരനും അറിയാതെയാണ് പനീര്സെല്വവും പളനിസ്വാമിയും തമ്മിലുള്ള അന്തര്ധാര.
ദിനകരന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില് ചില മന്ത്രിമാര് തുടര്ച്ചയായി വിട്ടുനില്ക്കുന്നതാണ് സംശയങ്ങള് ബലപ്പെടുത്തുന്നത്. തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗങ്ങളില് ചായകുടിച്ച് പിരിയുന്നതല്ലാതെ ഇവരാരും കളത്തിലിറങ്ങുന്നില്ല. വകുപ്പു ഭരണത്തില് ദിനകരന്റെ ഇടപെടലുകളിലെ അസന്തുഷ്ടി മന്ത്രിമാര് മുഖ്യമന്ത്രിയെ പളനിസ്വമിയെ അറിയിച്ചിട്ടുമുണ്ട്. ശശികലയുടെ ഭര്ത്താവ് നടരാജനുള്പ്പെട്ട മന്നാര്ഗുഡി സംഘം പാര്ട്ടിയില് പിടിമുറുക്കിക്കൊണ്ടിരിക്കുകയാണ്. ഉപതെരഞ്ഞെടുപ്പില് ദിനകരന് വിജയിച്ചാല് മന്നാര്ഗുഡി പക്ഷം ദിനകരനെ മുഖ്യമന്ത്രിയാക്കാനുള്ള നീക്കങ്ങള് നടത്തുമെന്നതില് പളനിസ്വാമിയ്ക്കു സംശയമില്ല. മാത്രമല്ല മുതിര്ന്ന പല നേതാക്കളെയും വെട്ടി മന്നാര്ഗുഡി സംഘത്തില് അധികാര വികേന്ദ്രീകരണം നടക്കാനുമുള്ള സാധ്യതയുമുണ്ട്. ഇതു മുന്കൂട്ടിക്കണ്ടാണ് പളനിസ്വാമി ഒരു മുഴം നീട്ടിയെറിഞ്ഞത്. ഇരു ഭാഗത്തെയും മന്ത്രിമാരും എംഎല്എമാരും പരസ്പരം ബന്ധപ്പെടാറുണ്ടെന്നും ഇരു നേതാക്കളും വ്യക്തമാക്കിയിട്ടുണ്ട്.
തങ്ങള് പളനിസ്വാമിയ്ക്കെതിരല്ലെന്നാണ് പനീര്ശെല്വപക്ഷത്തെ ആര്. കെ നഗര് തെരഞ്ഞെടുപ്പ് കമ്മിറ്റി അംഗം ശക്തിവേല് മുരുകന് പറഞ്ഞത്.പാര്ട്ടിപ്പേരും ഇരട്ട ഇലയും നഷ്ടപ്പെടുന്നതില് വിഷമമുണ്ടെന്നും ശക്തിവേല് വ്യക്തമാക്കി. ആര്.കെ നഗറിലെ ചില പ്രദേശങ്ങളില് ശശികല പക്ഷത്തിന് ജനങ്ങളില് നിന്ന് നേരിടേണ്ടി വന്ന പ്രതിഷേധവും ഔദ്യോഗികപക്ഷത്തെ മുതിര്ന്ന അംഗങ്ങളെ മാറി ചിന്തിക്കാന് പ്രേരിപ്പിച്ചിട്ടുണ്ട്.