ആലപ്പുഴ: കാലവർഷം ശക്തമായതോടെ ജില്ലയിൽ പനി ബാധിതരുടെ എണ്ണത്തിൽ വർധനവ്. ഇന്നലെ രണ്ടുപേർക്കു ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ആറുപേർ ഡെങ്കിപ്പനി സംശയത്തിലാണ്. വള്ളികുന്നം, ചേപ്പാട് എന്നിവിടങ്ങളിലാണ് ഡെങ്കിപ്പനി ബാധിച്ചു രണ്ടുപേർ ചികിത്സ തേടിയത്.
പനിബാധിതരായി ഇന്നലെ 582പേർ ഒപിയിൽ ചികിത്സ തേടി. 11 പേരെ കിടത്തി ചികിത്സക്കായി പ്രവേശിപ്പിച്ചു. അതിസാരബാധിതരായി 81പേർ ചികിത്സ തേടി. ചിക്കൻപോക്സ് ബാധിച്ച എട്ടുപേർ ചികിത്സതേടി. ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിലെ കണക്കുകൾ ഇതാണ്. എന്നാൽ, സ്വകാര്യആശുപത്രികളിൽ ചികിത്സ തേടുന്നവർ ഇതിലും ഇരട്ടിയാണെന്നാണ് പറയുന്നത്.
പനിക്കെതിരേ ജാഗ്രത പാലിക്കണം: ഡിഎംഒ
ആലപ്പുഴ: യഥാസമയം ശരിയായ ചികിത്സ ലഭിച്ചില്ലെങ്കിൽ ഏതു പനിയും മാരകമാകാമെന്നും അതിനാൽ സ്വയം ചികിത്സ ഒഴിവാക്കി പനിയുണ്ടായാലുടൻ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടണമെന്ന് ഡിഎംഒ. മഴക്കാലത്ത് എലിമൂത്രം കലർന്ന ജലം കൂടുതൽ മലിനമാകുന്നതിനാൽ എലിപ്പനി വരാനുള്ള സാധ്യത കൂടുതലാണ്.
മലിന ജലത്തിലൂടെയും മണ്ണിലൂടെയും നടന്നു കഴിഞ്ഞാൽ കാലുകൾ സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കണം. മലിനജലത്തിൽ കുളിക്കുകയോ കൈകാലുകളും മുഖവും കഴുകുകയോ ചെയ്യരുത്. പാടത്തും പറന്പിലും ജോലി ചെയ്യുവർ ഓടകൾ, കുളങ്ങൾ, തോടുകൾ എന്നിവ വൃത്തിയാക്കുന്നവർ, മീൻപിടിത്തക്കാർ എന്നിവർ ആഴ്ചയിലൊരിക്കൽ ഡോക്ടറുടെ നിർദേശപ്രകാരം പ്രതിരോധ ഗുളിക കഴിക്കണം.
വീടും പരിസരവും വൃത്തിയാക്കുന്നവർ, പുല്ല് പറിക്കുന്നവർ, മറ്റ് ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ എന്നിവരും കൈകാലുകൾ സോപ്പുപയോഗിച്ച് നന്നായി കഴുകണം. ഒരാളുടെ കുറിപ്പടി ഉപയോഗിച്ച് മറ്റുള്ളവർ മരുന്നു വാങ്ങി കഴിക്കുന്നത് അപകടകരമാണ്.
എലിപ്പനി മാരകമാണ്. തുടക്കത്തിലേ ചികിത്സിച്ചാൽ പൂർണമായി ചികിത്സിച്ച് ഭേദമാക്കാം. അതിനാൽ ഡോക്ടറെ സമീപിക്കുന്പോൾ മലിനജലവുമായി സന്പർക്കമുണ്ടായിട്ടുണ്ടെങ്കിൽ ആ വിവരം നിർബന്ധമായും പറയണമെന്നും ഡിഎംഒ അറിയിച്ചു.