മുളങ്കുന്നത്തുകാവ്: നിപ്പഭീതി ഒഴിഞ്ഞ സാഹചര്യത്തിൽ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രത്യേകം സജ്ജമാക്കിയ പനിക്ലിനിക്കിൽ കിടത്തി ചികിത്സ ഒഴിവാക്കി ഒപി പരിശോധന മാത്രമാക്കി. മഴക്കാലം കഴിയുന്നതുവരെ പനി ക്ലിനിക്കിൽ ഒപി പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചു. നിപ്പ വൈറസ് സംസ്ഥാനത്ത് വീണ്ടും കണ്ടെത്തിയ ഉടൻ തന്നെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ യുദ്ധകാലടിസ്ഥാനത്തിൽ പനി ക്ലിനിക്ക് പ്രവർത്തനമാരംഭിച്ചിരുന്നു. സർക്കാർ നിർദ്ദേശത്തെ തുടർന്നാണ് പ്രത്യേകമായി പനി ക്ലിനിക്ക് സജ്ജമാക്കിയത്.
ആശുപത്രിക്ക് സമീപമുള്ള ആർട്ടിഫിഷ്യൽ ലിംപ് സെന്ററിലാണ് പനി ക്ലിനിക്ക് തുറന്നത്. നിപയുടെ രണ്ടാം വരവിൽ നിരവധി പേരാണ് ഇവിടെ ചികിത്സ തേടിയെത്തിയത്. ഇവിടേക്ക് ആവശ്യമായ ജീവനക്കാരെ ജില്ല ആരോഗ്യവകുപ്പിൽ നിന്നും ആരോഗ്യവിദ്യാഭ്യാസ വകുപ്പിൽ നിന്നും നിയോഗിച്ചിരുന്നു. ഡോക്ടർമാരെയും നേഴ്സുമാരെയും ഇവിടേക്ക് വിന്യസിച്ചിട്ടുണ്ട്. ശുചീകരണമടക്കമുള്ള പ്രവർത്തനങ്ങൾക്കായി ആശുപത്രി വികസന ഫണ്ട് ഉപയോഗപ്പെടുത്തി കുടുംബശ്രീ പ്രവർത്തകരേയും നൽകിയിരുന്നു.
ജനറേറ്റർ അടക്കമുള്ള സൗകര്യങ്ങളും സജ്ജീകരണങ്ങളും ഒരുക്കിയിരുന്നു. എന്നാൽ നിപയുടെ തീവ്രത കുറഞ്ഞതോടെയും ഭീതി ഒഴിഞ്ഞതോടെയും പനി ക്ലിനിക്കിലെ താൽക്കാലിക കിടത്തി ചികിത്സ വേണ്ടെന്ന് വെക്കാൻ തീരുമാനിക്കുകയായിരുന്നു. പനി ക്ലിനിക്ക് മഴക്കാലം കഴിയും വരെ തുടരാനും കിടത്തി ചികിത്സ ആവശ്യമായി വരുന്നവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കാനും തീരുമാനിച്ചു.
നിപ്പ രോഗബാധയുടെ ഇൻകുബേഷൻ കാലാവധി അവസാനിച്ച സാഹചര്യത്തിൽ കൂടിയാണ് പനി ക്ലിനിക്കിലെ കിടത്തി ചികിത്സ ഒഴിവാക്കാൻ തീരുമാനിച്ചത്. നിപ സംശയലക്ഷണങ്ങളുമായി എത്തിയ ലാബ് ടെക്നീഷ്യനടക്കമുള്ളവരെ കിടത്തി ചികിത്സിച്ചിരുന്നത് പനി ക്ലിനിക്കിലാണ്. മികച്ച സേവനമാണ് ഈ കാലയളവിൽ പനി ക്ലിനിക്കിലെ ഡോക്ടർമാർ കാഴ്ചവെച്ചതെന്ന് പരക്കെ പ്രശംസിക്കപ്പെട്ടിട്ടുണ്ട്. 24 മണിക്കൂറും പ്രവർത്തിച്ചിരുന്ന പനിക്ലിനിക്ക് ഇനി മഴക്കാലം കഴിയും വരെ ഉച്ചതിരിയും വരെ മാത്രമേ പ്രവർത്തിക്കുകയുള്ളു.