തിരുവനന്തപുരം: സംസ്ഥാനത്ത് പനിമരണങ്ങൾ വർധിക്കുന്നു. പനിബാധിതരെ കൊണ്ട് സർക്കാർ, സ്വകാര്യാശുപത്രികൾ നിറഞ്ഞു, പ്രതിരോധ പ്രവർത്തനങ്ങൾ പനിയെ നിയന്ത്രിക്കാൻ കഴിയാത്ത വിധത്തിലേക്ക് നീങ്ങിയിരിക്കുകയാണ്. ആരോഗ്യവകുപ്പിന്റെ പിഴവാണ് പനിബാധിതരുടെ എണ്ണം കൂടാൻ കാരണമെന്നും തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ വീഴ്ചയാണ് പനിപടരാൻ കാരണമെന്നുമുള്ള ആരോപണപ്രത്യാരോപണങ്ങൾക്കിടെ ജനങ്ങൾ ദുരിത ജീവിതം നയിക്കുകയാണ്.
ബന്ധപ്പെട്ട വകുപ്പുകളുടെ ഏകോപനത്തിലെ വീഴ്ചകളാണ് സംസ്ഥാനത്തെ പനിബാധിതമാക്കിയിരിക്കുന്നതെന്ന് ജനങ്ങൾ ആരോപിക്കുന്നു. ഡെങ്കിപ്പനി, എലിപ്പനി, എച്ച് 1 എൻ 1 ഉൽപ്പെടെ ബാധിച്ച് മരണമടഞ്ഞവരുടെ എണ്ണം 99 ആണ്. സംസ്ഥാനത്ത് 1212241 പേർക്ക് ഇതിനോടകം പനിബാധിച്ചിട്ടുണ്ടെന്നാണ് ഒൗദ്യോഗിക കണക്ക്. സർക്കാർ ആശുപത്രികളിലെ കണക്ക് മാത്രമാണിത്.
സ്വകാര്യാശുപത്രികളിലെ കണക്ക് കൂടി അറിഞ്ഞാൽ ഞെട്ടും. ഡെങ്കിപ്പനി ബാധിച്ച 7165 പേരിൽ 13 പേർ മരണമടഞ്ഞു. പകർച്ചപ്പനി ബാധിച്ച് 25 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. എച്ച് 1 എൻ 1 ബാധിച്ച 791 പേരിൽ 53 പേർ മരണപ്പെട്ടു. എലിപ്പനി ബാധിച്ച 645 പേരിൽ എട്ട് പേർ മരിച്ചു. ഇന്നലെ മാത്രം 22896 പേർ പനിബാധിച്ച് ചികിത്സ തേടിയിരുന്നു. ഏറ്റവും കൂടുതൽ പനിബാധിതർ തിരുവനന്തപുരം ജില്ലയിലാണ്.