ഗാന്ധിനഗർ: പനി മൂലം മരണമടഞ്ഞ ആദിവാസി യുവതിയുടെ മൃതദേഹം കോവിഡ് സംശയത്തെതുടർന്നു എട്ടു മണിക്കൂർ തീവ്രപരിചരണ വിഭാഗത്തിൽ. പരാതി നൽകിയാൽ പോസ്റ്റ്മോർട്ടം നടത്തേണ്ടി വരുമെന്നതിനാൽ പിറ്റേ ദിവസം മൃതദേഹവുമായി ബന്ധുക്കൾ നാട്ടിലേക്ക് പോയി.
വ്യാഴാഴ്ച വൈകുന്നേരം 6.30ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ മെഡിസിൻ ക്രിട്ടിക്കൽ കെയർ യൂണിറ്റിൽ ചികിത്സയിൽ കഴിയവേ മരിച്ച ഇടുക്കി മാങ്കുളം സ്വദേശിനി വനിത (26)യുടെ മൃതദേഹം വെള്ളിയാഴ്ച പുലർച്ചെ രണ്ടിനുശേഷമാണ് മോർച്ചറിയിലേക്ക് മാറ്റിയത്.
കടുത്ത പനിയെത്തുടർന്ന് ഒരാഴ്ചയ്ക്ക് മുന്പാണ് ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് രോഗം മൂർച്ഛിച്ചതിനെ തുടർന്ന് മെഡിസിൻ ക്രിട്ടിക്കൽ കെയർ യൂണിറ്റിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം ആരോഗ്യനില മോശമാകുകയും, വ്യാഴാഴ്ച വൈകുന്നേരം മരിക്കുകയും ചെയ്തു.
ചികിത്സയിൽ കഴിയുന്നതിനിടയിൽ കോവിഡ് സംശയം തോന്നിയ ഡോക്ടർമാർ ഇവരുടെ രക്ത,-്രവ സാംന്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിരുന്നു. ഇതിന്റെ ഫലം ലഭിക്കാതിരുന്നതിനാൽ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റാൻ തീരുമാനിച്ചു.
എന്നാൽ എട്ടു മണിക്കൂറായിട്ടും മൃദദേഹം മാറ്റാതിരുന്നത് ബന്ധുക്കൾ മാത്രമല്ല മറ്റു രോഗികളും പ്രതിഷേധിച്ചു. തുടർന്ന് പുലർച്ചെ രണ്ടിനുശേഷമാണ് മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയത്.
ഇന്നലെ രാവിലെ പരിശോധനാ ഫലം നെഗറ്റീവാണെന്ന് അറിയുകയും തുടർന്ന് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുകയും ചെയ്തു.
എന്നാൽ ഇതു സംബന്ധിച്ച് ആശുപത്രി അധികൃതർക്ക് പരാതി നൽകാൻ തയാറില്ലെന്ന് ബന്ധുക്കൾ പറഞ്ഞു.
പരാതി നൽകിയാൽ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തേണ്ടി വരും. അത് ഒഴിവാക്കുവാൻ വേണ്ടിയാണ് പരാതി നൽകാതിരുന്നതെന്നും ബന്ധുക്കൾ പറഞ്ഞു.