ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിൽ പനി ബാധിച്ച് മരിച്ചയാളുടെ മൃതദേഹം ബന്ധുക്കൾക്ക് നൽകുന്നതിന് തടസം. മൃതദേഹത്തിൽനിന്ന് ശേഖരിച്ച രക്തം, ഉമിനീർ എന്നിവയുടെ പരിശോധനാ ഫലം പൂനൈ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ലഭിച്ച ശേഷമേ മൃതദേഹം വിട്ടു നൽകുവാൻ കഴിയൂവെന്ന് മെഡിക്കൽ കോളജ് അധികൃതർ ബന്ധുക്കളെ അറിയിച്ചു. നിപ പേടിയിലാണ് മൃതദേഹം വിട്ടുനല്കാത്തതെന്നു കരുതുന്നു. ഇതുമൂലം ഇന്നലെ മരിച്ച ചേർത്തല കുത്തിയതോട് വേലപ്പറന്പിൽ ജോബിന്റെ (56) മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കുന്നു.
ബുധനാഴ്ച രാത്രിയിൽ എറണാകുളം ജനറൽ ആശുപത്രിയിൽ നിന്നാണ് ജോബിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്. രോഗിയുടെ കൂടെ ബന്ധുക്കൾ ആരും ഇല്ലായിരുന്നു. കടുത്ത പനി ആയതിനാൽ മെഡിസിൻ ക്രിറ്റിക്കൽ കെയർ യൂണിറ്റിലാണ് പ്രവേശിപ്പിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12.30ന് മരിച്ചു. ബന്ധുക്കൾ ആരും ഇല്ലാതിരുന്നതിനാൽ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.
ജോബ് ആശുപത്രിയിൽ എത്തിയപ്പോൾ ബന്ധുക്കളുടെ ഫോണ് നന്പർ അത്യാഹിത വിഭാഗത്തിൽ നൽകിയിരുന്നതിനാൽ മരണശേഷം പോലീസ് ഫോണ് നന്പരിൽ ബന്ധപ്പെട്ട് വിവരം അറിയിച്ചു. രാത്രിയോടെ ബന്ധുക്കളെത്തി മൃതദേഹം കൊണ്ടു പോകുന്നതിനുള്ള നടപടി സ്വീകരിച്ചപ്പോഴാണ് ചികിത്സയിൽ കഴിഞ്ഞിരുന്ന മെഡിസിൻ ക്രിറ്റിക്കൽ കെയർ യൂണിറ്റിലെ ഡോക്ടർമാർ മൃതദേഹം കൊണ്ടു പോകുന്നതിന് തടസം ഉന്നയിച്ചത്.
എറണാകുളം ജനറൽ ആശുപത്രിയിൽ നിന്നും പനി മൂലം ചികിത്സ തേടിവന്നതിനാൽ ഏതു തരത്തിലുള്ള പനിയാണെന്ന് ഉറപ്പു വരുത്തിയ ശേഷമേ മൃതദേഹം വിട്ടുതരാൻ കഴിയൂവെന്ന നിലപാടിലാണ് ഡോകട്ർമാർ. മൂന്നു ദിവസത്തിനകം പരിശോധനാ ഫലം ലഭിക്കുമെന്നും അധികൃതർ പറഞ്ഞു. ബി.എസ്.എഫിൽ നിന്നും വിരമിച്ച ജോബ് മാതാവിനൊപ്പമാണ് താമസം. ഭാര്യ ആൻസി രാജസ്ഥാനിലെ സർക്കാർ ആശുപത്രിയിലെ നഴ്സ് ആണ്. മകൻ ബെൻ ജോ അമ്മയൊടൊപ്പമാണ് താമസിക്കുന്നത്.
രണ്ടു മാസം മുൻപ് രാജസ്ഥാനിൽ നിന്നു ഹെർണിയ ചികിത്സയ്ക്ക് എറണാകുളത്തെ പ്രമുഖ സ്വകാര്യ ചികിത്സയ്ക്ക് എത്തിയിരുന്നു. എന്നാൽ വീട് നിർമാണവുമായി ബന്ധപ്പെട്ട് ചികിത്സ പൂർണമാക്കുവാൻ കഴിഞ്ഞില്ല. ഇതിനിടയിൽ പനി വന്നെങ്കിലും സ്വയം ചികിത്സ നടത്തുകയായിരുന്നു.
കഴിഞ്ഞ ദിവസം പനി കൂടുകയും നാട്ടിലുള്ള സഹോദരങ്ങളോട് പറയാതെ ഒറ്റയ്ക്ക് എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സ തേടുകയുമായിരുന്നു. പനി ഗുരുതരമായതിനാലും, ബന്ധുക്കൾ ആരും ഇല്ലാതിരുന്നതിനാലും ജോബിയെ കോട്ടയം മെഡിക്കൽ കോളജിൽ എത്തിക്കുകയായിരുന്നു .