അഗളി: അട്ടപ്പാടിയിൽ കൃത്യസമയത്ത് ചികിത്സ തേടാതെ പനിയും ഛർദ്ദിയും ബാധിച്ച ആദിവാസി യുവാവ് മരിച്ചു. പുതൂർ തച്ചംപടി ഊരിലെ മഷണന്റെ മകൻ മണി (21) തിങ്കളാഴ്ച രാത്രിയാണു മരിച്ചത്. രോഗം ഗുരുതരമായപ്പോൾ ചികിത്സയ്ക്കായി അശുപത്രിയിലെത്താതിരുന്നതാണ് മരിക്കാൻ കാരണം.
കോഴിക്കോട്ട് ഫിസിക്കൽ എഡ്യൂക്കേഷൻ വിദ്യാർഥിയായിരുന്നു മണി. അവിടെവച്ചാണു അസുഖം ബാധിച്ചത്. കോഴിക്കോട് ചികിത്സ തേടിയെങ്കിലും കഴിഞ്ഞദിവസം അട്ടപ്പാടിയിലെ വീട്ടിലേക്കു പോരുകയായിരുന്നു.
അസുഖം മാറാൻ മന്ത്രവാദമുൾപ്പടെയുള്ള കർമങ്ങൾക്കും യുവാവ് വിധേയനായതായി പറയുന്നു. മണിയുടെ അസുഖത്തെക്കുറിച്ച് അറിഞ്ഞ ആരോഗ്യപ്രവർത്തകർ വീട്ടിലെത്തി ആശുപത്രിയിൽ ചികിത്സതേടാൻ അഭ്യർഥിച്ചെങ്കിലും ബന്ധുക്കൾ വിസമ്മതിച്ചതായും അവരെ തിരിച്ച് അയച്ചതായും പറയുന്നു.
പിന്നീട് എസ് സി പ്രമോട്ടർമാർ യുവാവിന്റെ വീട്ടിലെത്തി നിർബന്ധമായി ആശുപത്രിയിൽ ചികിത്സതേടാൻ ആവശ്യപ്പെട്ടു. തിങ്കളാഴ്ച രാത്രി ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ അസുഖം മൂർച്ഛിച്ച യുവാവ് മരിക്കുകയായിരുന്നുവെന്ന് ഡോക്ടർമാർ അറിയിച്ചു.