മങ്കൊന്പ്: ആശുപത്രിയിലെത്താൻ മാർഗ്ഗമില്ലാതെ വെള്ളക്കെട്ടിലകപ്പെട്ട കുട്ടിക്ക് തുണയായത് റെസ്ക്യൂ സർവ്വീസ്. ഖത്തർഎയർവേസ് ജീവനക്കാരനായ തെക്കേക്കര കുന്നുതറഭവൻ ബിനോയിയുടെ മകൾ മെലീസ്സയ്ക്കാണ് ഇന്നലെരാവിലെ പനി മൂർഛിച്ചത്. കുട്ടനാട്ടിലെ ആശുപത്രികളെല്ലാം വെള്ളത്തിലായതിനാൽ കുട്ടിയേയുംകൊണ്ട് ആലപ്പുഴയ്ക്കു പോകാനാണ് ബന്ധുക്കൾ ശ്രമിച്ചത്.
യമഹാവള്ളത്തിൽ നെടുമുടി ചെറിയപാലത്തിനുസമീപമെത്തിയെങ്കിലും വള്ളത്തിനു മുന്നോട്ടുപോകാൻ മാർഗ്ഗമില്ലാത്തതിനാൽ അവിടെ ഇറങ്ങി. പനിയുള്ളകുട്ടിയേയും എടുത്ത് റോഡിലിറങ്ങി നീന്തിത്തുടങ്ങിയപ്പോഴാണ് എസിറോഡിൽ അരയ്ക്കുമുകളിൽ വെള്ളമുള്ളകാര്യം മനസ്സിലാകുന്നത്. ഇതിനിടെ അതുവഴി പെട്രോൾ പന്പിലേക്ക് വള്ളത്തിലെത്തിയവർ സഹായത്തിനെത്തി. അവർ കുട്ടിയേയും ബന്ധുക്കളേയും നെടുമുടി ബോട്ടു ജെട്ടിയിലെത്തിച്ചു.
ഏറെനേരം കാത്തുനിന്നെങ്കിലും ബോട്ടൊന്നും എത്തിയില്ല. ചന്പക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന അച്ചാമ്മടീച്ചർ കുട്ടിക്ക് ഒപ്പമുണ്ടായിരുന്നു. ടീച്ചർ 101 വിളിച്ച് സഹായം അഭ്യർത്ഥിച്ചു.ഫയർഫോഴ്സ് റെസ്ക്യൂസർവ്വീസിലെ ജീവനക്കാർ എൻജിൻ ഘടിപ്പിച്ച വള്ളത്തിൽ പാഞ്ഞെത്തി. ജെട്ടിയിൽകാത്തുനിന്നിരുന്ന രോഗികളും കുട്ടികളുമൊക്കെയായ ചിലരുൾപ്പെടെ വള്ളത്തിന് ഉൾക്കൊള്ളാവുന്നിടത്തോളം യാത്രക്കാരെയും കയറ്റിയാണ് അവർ ആലപ്പുഴയ്ക്കുപോയത്.
റോഡു സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനൊപ്പം കുട്ടനാടിന്റെ തനതു ജലഗതാഗത സൗകര്യങ്ങൾ പുനസ്ഥാപിക്കേണ്ടതിന്റെ അനിവാര്യതയെക്കുറിച്ചും കുട്ടനാട്ടിൽ പലരും ഇപ്പോൾ ചിന്തിച്ചു തുടങ്ങിയിട്ടുണ്ട്. ഉയരംകുറഞ്ഞ പാലങ്ങൾ പലയിടത്തും വില്ലനാവുകയാണ്. കിടങ്ങറതോട്ടിലെ പാലം തടസ്സമാകുന്നതിനാൽ കാവാലത്തുനിന്നുള്ള ബോട്ടുകൾക്ക് ചങ്ങനാശ്ശേരിയിലേക്ക് എത്താനാവുന്നില്ല.
കിടങ്ങറയിൽ ബോട്ടുമാറിക്കയറിയാണ് കാവാലംകാരിപ്പോൾ ചങ്ങനാശ്ശേരിയിലെത്തുന്നത്. പോലീസെത്തി ക്യൂനിർത്തിയാണ് കിടങ്ങറയിൽ യാത്രക്കാരെ ബോട്ടിൽ കയറ്റുന്നത്.സർക്കാരും ജലഗതാഗതവകുപ്പുമൊക്കെ ഇതിന്റെ സാധ്യതകൾ പഠനവിധേയമാക്കി വേണ്ടതു ചെയ്യണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.