പത്തനാപുരം : കാലാവസ്ഥ വ്യതിയാനം മൂലം പകർച്ചവ്യാധി ഭീഷണിയിൽ കിഴക്കൻമേഖല. വനവാസി കോളനികളിലും തോട്ടം മേഖലയിലും പനി ബാധിതരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണ്. ഗ്രാമപ്രദേശങ്ങളിലാണ് രോഗങ്ങൾ കൂടുതലും .
ചൂടിനൊപ്പം അസുഖങ്ങൾ ബാധിച്ച് ശാരീരികബുദ്ധിമുട്ടുകൾ കൂടി ഉണ്ടാകുന്നതോടെ പൊതുജനം എറെ ദുരിതത്തിലാണ്.ആരോഗ്യവകുപ്പിന്റെ ഭാഗത്ത് നിന്നും കാര്യമായ പ്രവർത്തനങ്ങളൊന്നും ഇതുവരെ ആരംഭിച്ചട്ടുമില്ല.അച്ചൻകോവിൽ ,ചെമ്പനരുവി, പാടം,കടശ്ശേരി, തുടങ്ങിയ ഉൾനാടൻഗ്രാമപ്രദ്ദേശങ്ങളിലാണ് പകർച്ചവ്യാധികൾ കൂടുതലും ഉളളത്.
മുള്ളുമല,വെള്ളംതെറ്റി,അച്ചന്‍കോവില്‍,കുരിയോട്ടുമല തുടങ്ങിയ വനവാസി കോളനികളിലും പനി പടര്‍ന്ന് പിടിക്കുന്നുണ്ട്.ഫാമിംഗ് കോര്‍പ്പറേഷനിലെ ലയങ്ങളില്‍ താമസിക്കുന്നവരുടെ സ്ഥിതിയും വ്യത്യസ്തമല്ല.പുലര്‍ച്ച ഉണ്ടാകുന്ന ശക്തമായ തണുപ്പും ഉച്ചയോടെ അനുഭവപ്പെടുന്ന കഠിനമായ ചൂടും തോട്ടം തൊഴിലാളികള്‍ക്കിടയില്‍ രോഗം പടരുന്നതിന് കാരണമാകുന്നു.
വനവാസിവിഭാഗത്തിനിടയിൽ പടരുന്ന രോഗങ്ങൾക്ക് കൃത്യമായി ചികിൽസ പോലും ലഭിക്കുന്നില്ല എന്നതാണ് സത്യാവസ്ഥ. പത്തനാപുരം താലൂക്കാശുപത്രിയിലും പഞ്ചായത്തുകളിൽ പ്രവർത്തിക്കുന്ന പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും ആവശ്യാനുസരണം മരുന്നോ ജീവനക്കാരോ ഇല്ലാത്ത സ്ഥിതിയാണ്.
മലയോരപ്രദേശങ്ങളിൽ നിന്ന് കിലോമീറ്ററുകൾ സഞ്ചരിച്ച് പുനലൂരോ, കൊട്ടാരക്കരയിലോ, പത്തനംതിട്ടയിലോ എത്തിയാൽ മാത്രമേ ചികിൽസ ലഭ്യമാകൂ. ഇതുകാരണം പലരും ആശുപത്രികളിൽ പോകാനും മടിക്കുകയാണ്.നിത്യവൃത്തിയ്ക്കായി ആഴ്ചകള്‍ നീണ്ട പനിയുമായി കാടുകയറുന്ന വനവാസികളും കുറവല്ല.