കോഴിക്കോട്: നിപ്പാ രോഗപരിചരണത്തിനിടെ മരിച്ച നഴ്സ് ലിനിയുടെ കുടുംബത്തിന് സർക്കാർ സഹായമില്ല. ലിനി മരിച്ച ശേഷവും കുംടുംബാംഗങ്ങളെ ഒരു തവണപോലും വിളിക്കാൻ ആരോഗ്യമന്ത്രി തയാറായില്ലെന്നും നാട്ടുകാർ പരാതിപ്പെട്ടു. ലിനിയുടെ ഭർത്താവിന് ജോലി നൽകണം എന്ന് അധികൃതരോട് നാട്ടുകാർ ആവശ്യപ്പെടുകയും ചെയ്തു.
പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ ജോലി ചെയ്തിരുന്ന കോഴിക്കോട് ചെമ്പനോട സ്വദേശിനിയായിരുന്ന ലിനി, ചങ്ങരോത്ത് സൂപ്പിക്കടയിൽ ആദ്യം രോഗം ബാധിച്ചു മരിച്ച യുവാവിനെ ആശുപത്രിയിൽ ശുശ്രൂഷിച്ചതിനു പിന്നാലെയാണ് പനി പിടിച്ചത്.
പനി ബാധിച്ച ലിനിക്കു 17ന് പേരാമ്പ്ര ഗവ. ആശുപത്രിയിൽ ചികിത്സ നൽകി. 19ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും തുടർന്നു മെഡിക്കൽ കോളജിനോടനുബന്ധിച്ച ചെസ്റ്റ് ഹോസ്പിറ്റലിലും പ്രവേശിപ്പിക്കുകയുമായിരുന്നു.
ചെസ്റ്റ് ഹോസ്പിറ്റലിലെ ഐസിയുവില്‍ ചികിത്സയിലായിരുന്ന ലിനി തിങ്കളാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്. വൈറസ് പടരാതിരിക്കാനുള്ള മുന്‍കരുതലിന്റെ ഭാഗമായി ആരോഗ്യവകുപ്പിന്റെ നിര്‍ദേശപ്രകാരം ബന്ധുക്കളുടെ അനുമതിയോടെ ലിനിയുടെ മൃതദേഹം വീട്ടിലേക്കു കൊണ്ടുപോവാതെ കോഴിക്കോട്ടെ വൈദ്യുതി ശ്മശാനത്തില്‍ സംസ്കരിക്കുകയായിരുന്നു.