വി.ആര്‍. അരുണ്‍കുമാര്‍
നഗരത്തിന്റെ അശാന്തതയില്‍ നിന്നും മനസിനു ഉണര്‍വു വേണമെന്നാഗ്രഹിക്കുന്നവര്‍ക്കു പെരുമ്പാവൂരിനടുത്തെ പാണിയേലി പോരിലേക്കു സ്വാഗതം. വടക്ക് മലയാറ്റൂരിനും തെക്ക് പാണിയേലിക്കും ഇടയ്ക്കുകൂടി പെരിയാര്‍ നദി ഒഴുകി വരുന്ന ഈ സ്ഥലത്ത് നിറയെ പാറക്കെട്ടുകളാണ്. പല കൈവഴികളായി ഒഴുകി വരുന്ന നദി ഇവിടെ ഒരുമിച്ചു ചേരുന്നു. വര്‍ഷകാലത്ത് പുഴ നിറഞ്ഞൊഴുകുന്നതിനാല്‍ ഇത് ദൃശ്യമല്ല. വേനല്‍ക്കാലത്ത് പോയാല്‍ അവിടെ ഈ മനോഹര ദൃശ്യം കാണാം. ഇങ്ങനെ ഒഴുകി വരുന്ന പുഴയിലെ വെള്ളം പരസ്പരം പോരടിച്ചു മറിയുന്നതിനാലാണ് പാണിയേലി പോര് എന്ന നാമം ഈ സ്ഥലത്തിനു കിട്ടിയത്.
ഇടമലയാര്‍ കാട്ടില്‍ നിന്നും ഈറ്റയും മുളയും വെട്ടി ചങ്ങാടങ്ങളാക്കി മഴക്കാലത്ത് വരുമ്പോള്‍, ഇവിടെ ഉണ്ടാകുന്ന വലിയ തിരകളുമായി പോരടിക്കുന്ന തുഴച്ചിലുകാരുടെ സംഭാവനയാണ് ഈ പേര് എന്നും പറയുന്നു. വലിയ വെള്ളച്ചാട്ടം ഒന്നും ഇവിടെയില്ല. പാറക്കെട്ടുകളും ചെറിയ തുരുത്തുകളും നിറഞ്ഞ ഈ നദിയുടെ പ്രകൃതിഭംഗി മറ്റൊരിടത്തും കാണാന്‍ പറ്റില്ല.
പാണിയേലി പോരിലേക്ക്
കാടിനുള്ളിലൂടെ ഒഴുകിയെത്തുന്ന പുഴയാണ് പാണിയേലി പോരിന്റെ ഭംഗിയും ആകര്‍ഷണീയതയും. കാഴ്ചകള്‍ക്കു തുടക്കമിട്ടു കൊണ്ടെന്ന പോലെ കൂറ്റന്‍ മരത്തൂണുകള്‍ കൊണ്ടുണ്ടാക്കിയ കമാനത്തില്‍ പാണിയേലി പോരിലേക്ക് സ്വാഗതം എന്നെഴുതിവച്ചിരിക്കുന്നു. അവിടെ വരെയാണ് വാഹനങ്ങള്‍ക്കു പ്രവേശനമുള്ളൂ. അവിടെന്നങ്ങോട്ട് വനം വകുപ്പ് പാസ് മൂലം പ്രവേശനം നിയന്ത്രിച്ചിരിക്കുകയാണ്. മുതിര്‍ന്നയാള്‍ക്കു 10 രുപയാണ് പ്രവേശനഫീസ്.
പാസ് വാങ്ങി വീതി കുറഞ്ഞു കരിങ്കല്‍ പാകിയ വഴികളിലൂടെ നടന്നു തുടങ്ങുമ്പോഴേക്കും പാണിയേലി കാഴ്ചകളുടെ കെട്ടഴിക്കാന്‍ തുടങ്ങും. വഴിയരികില്‍ വിവിധതരം ശലഭങ്ങളുടെയും മൃഗങ്ങളുടെയും പക്ഷികളുടെ വര്‍ണ ചിത്രങ്ങളും പേരുകളും അവയുടെ ശാസ്ത്രീയ നാമവും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. പക്ഷികളുടെ കളകൂജനം എപ്പോഴും ഉണ്ടാകും. രാവിലെ പാണിയേലിയില്‍ എത്തിയാല്‍ അതു ഏറെ ആസ്വദിക്കാം. കരിങ്കല്‍ പാകിയ പാതയുടെ അവസാനം സന്ദര്‍ശകര്‍ക്കായി മുള കൊണ്ടുള്ള ഇരിപ്പിടങ്ങള്‍ ഒരുക്കിയിട്ടുണ്ട്. അവിടെ സഞ്ചാരികള്‍ക്കായി ഗൈഡിന്റെ സഹായം ലഭിക്കും.
അകത്തേക്കു പോകുന്തോറും കാട് സഞ്ചാരികള്‍ക്കു മുന്നില്‍ കാഴ്ചയുടെ വാതായനങ്ങള്‍ തുറന്നു നല്‍കും. പല മുന്നറിയിപ്പു ബോര്‍ഡുകള്‍. അവയ്‌ക്കൊപ്പം മരച്ചില്ലകളില്‍ സന്ദര്‍ശകര്‍കായി ഒരുക്കിയിരിക്കുന്ന ഊഞ്ഞാലുകള്‍. കാട്ടു വള്ളികളും മരങ്ങളും ചുറ്റിപ്പിണഞ്ഞു കിടക്കുന്ന വഴിക്കൊടുവില്‍ പതിഞ്ഞ താളത്തില്‍ ശാന്തമായി പെരിയാര്‍ ഒഴുകുന്നു. ഒഴുകി വരുന്ന പെരിയാര്‍ നദിയിലെ വെള്ളം പാറക്കൂട്ടങ്ങളില്‍ തട്ടി പോരടിച്ചു ശബ്ദം ഉണ്ടാക്കുന്നതുകൊണ്ടാണ് ഈ സ്ഥലത്തിനു പാണിയേലി പോര് എന്ന പേരു വന്നതെന്നാണ് പറയപ്പെടുന്നത്. കാടിന്റെ സൗന്ദര്യം ആസ്വദിച്ചു കാട്ടുവഴിയിലൂടെ നടന്നു പെരിയാര്‍ നദിയെയും കണ്ടു തണുത്ത വെള്ളത്തില്‍ കളിച്ചുല്ലസിക്കാനാണ് പ്രധാനമായും വിനോദസഞ്ചാരികള്‍ പാണിയേലിയില്‍ എത്തുന്നത്.
ഒരു കിലോമീറ്ററോളം നടന്നു കഴിഞ്ഞാല്‍ പാറക്കെട്ടുകളിലേക്ക് കയറാം. ഉയരമുള്ള പാറക്കെട്ടുകളല്ല പലതും. സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട എന്ന പഴമൊഴി പോലെ സൂക്ഷിച്ചു നടന്നാല്‍ വളരെ നല്ലത്. വഴുക്കലുള്ള പാറ ഏതു സമയവും ഏതൊരു കരുത്തനെയും മരണത്തിലേക്ക് കൂട്ടിക്കൊണ്ടു പോകാം. പോകാന്‍ പാടില്ലാത്ത സ്ഥലങ്ങള്‍ ഗൈഡുകള്‍ പറഞ്ഞുതരും. അവിടെയൊക്കെ ചുവപ്പ് കൊടികളും സ്ഥാപിച്ചിട്ടുണ്ട്. ഗൈഡുകള്‍ പറയുന്നതു ധിക്കരിച്ചു പോയാല്‍ അപകടം ഉറപ്പ്. കുറെയേറെപ്പേര്‍ ഇങ്ങനെ ഇവിടെ മരണപ്പെട്ടിട്ടുണ്ട് എന്ന വിവിരം സഞ്ചാരികള്‍ക്കു നല്‍കാന്‍ ബോര്‍ഡും സ്ഥാപിച്ചിട്ടുണ്ട്.
ഭൂതത്താന്‍കെട്ട് അണക്കെട്ട് തുറക്കുമ്പോള്‍ അതിശക്തമായ ഒഴുക്കുണ്ടാകാന്‍ സാധ്യതയുള്ളതും കണക്കിലെടുക്കണം. അപകടസ്ഥലത്തേക്ക് നീങ്ങിയാല്‍ ഗൈഡുകള്‍ ഉച്ചത്തില്‍ വിസിലടിക്കും. ഓരോ സംഘം ആള്‍ക്കാര്‍ വരുമ്പോഴും എവിടെനിന്നു വരുന്നു, എത്ര നേരം അവിടെ ചെലവഴിക്കും എന്നൊക്കെ ഗൈഡുകള്‍ ചോദിക്കും. ശരിയായ വിവരങ്ങള്‍ കൈമാറിയാല്‍, എന്തെങ്കിലും അപകടം പറ്റിയാല്‍ രക്ഷാപ്രവര്‍ത്തനം എളുപ്പത്തിലാക്കാം. വേണ്ടപ്പെട്ടവരെ അറിയിക്കുകയും ചെയ്യാം. അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കാന്‍ ഇവിടെ സര്‍ക്കാര്‍ സംവിധാനങ്ങളൊന്നുമില്ല. ഫയര്‍ ഫോഴ്‌സ് പെരുമ്പാവൂരില്‍ മാത്രമേയുള്ളൂ.
വെള്ളത്തില്‍ ഇറങ്ങാന്‍ സുരക്ഷിതമായ സ്ഥലങ്ങളും ഉണ്ട്. ഗൈഡുകള്‍ പറയുന്ന സ്ഥലങ്ങളില്‍ മാത്രം ഇറങ്ങി കുളിക്കാം. വെള്ളത്തില്‍ ഇറങ്ങിക്കയറേണ്ട പല സ്ഥലങ്ങളും ഉണ്ട്. ഇങ്ങനെ അപരിചിതമായ സ്ഥലങ്ങളില്‍ പോകുമ്പോള്‍, തദേശവാസികളും സ്ഥലത്തെക്കുറിച്ച് പരിചയമുള്ള ആളുകളും നല്‍കുന്ന മുന്നറിയിപ്പുകള്‍ മുഖ വിലയ്‌ക്കെടുക്കണം. കുറെയേറെപ്പേരോട് പറഞ്ഞു പഴകിയ മുന്നറിയിപ്പുകളാണ് അവര്‍ പറയുന്നതു പലതും. അവരെ വെല്ലുവിളിച്ച്, ധിക്കരിച്ചു പോകുന്നവര്‍ക്കാണ് ദുരന്തങ്ങള്‍ ഉണ്ടാകുന്നത്.
കല്ലാടികുഴികളും ആനക്കൂട്ടങ്ങളുടെ താവളവും
പാണിയേലിപോരിന്റെ ഒരാകര്‍ഷണമാണ് കല്ലാടിക്കുഴികള്‍. ശക്തമായ ഒഴുക്കില്‍ പാറയുടെ മുകളില്‍ പെട്ടുപോകുന്ന വലിയകല്ലുകള്‍ തിരിഞ്ഞു കുഴിരൂപപ്പെടുകയും പിന്നീട് അതിനകത്തുപ്പെട്ടു പോകുന്ന കല്ലുകള്‍ കിടന്നാടി കുഴി വലുതാകുകയും ചെയ്യുന്നു. ഇങ്ങനെയുണ്ടാകുന്ന കുഴികളെയാണ് കല്ലാടികുഴികള്‍ എന്നു വിളിക്കുന്നത്. ഒരാള്‍ മുങ്ങിപ്പോകാന്‍ പാകത്തില്‍ ആഴമുണ്ട് പലതിനും. ശ്രദ്ധിക്കാതെ നടന്നാല്‍ ചിലപ്പോള്‍ കല്ലാടിക്കുഴികളില്‍ വീണു അപകടമുണ്ടാകാന്‍ സാധ്യതയേറെയാണ്.
കാഴ്ചയില്‍ ശാന്തമാണെങ്കിലും ആനക്കൂട്ടങ്ങള്‍ ഇടയ്ക്കിടെ സ്വൈര്യവിഹാരം നടത്തുന്നയിടമാണിവിടം. ചിലപ്പോള്‍ കൂട്ടത്തോടെ പുഴ മുറിച്ച് ആനക്കൂട്ടം എത്തും. പാണിയേലിയിലേക്ക് മറ്റു വന്യജീവികളും പുലികളുമെത്തുമെന്നു ഗാര്‍ഡുകള്‍ പറയുന്നു.
പാണിയേലി പോരിലേക്ക് എത്തിച്ചേരാന്‍
പെരുമ്പാവൂര്‍–വല്ലം –കോടനാട് –പാണിയേലി പോര്/ പെരുമ്പാവൂര്‍– കുറുപ്പുംപടി– വേങ്ങൂര്‍– പാണിയേലി. കോതമംഗലത്തുനിന്നും ഓടക്കാലിയില്‍ നിന്നു തിരിഞ്ഞ് ഓടക്കാലികവലയിലൂടെ മേയക്കപ്പാല ഇവിടെ നിന്ന് ഏകദേശം നാലു കിലോമീറ്റര്‍ സഞ്ചരിച്ച് പാണിയേലി പോരില്‍ എത്താം.