കോതമംഗലം: ദേശീയ പണിമുടക്കിന്റെ ആദ്യ ദിനത്തിൽ നെല്ലിക്കുഴിയിൽ സ്കൂൾ പ്രവർത്തിക്കാതിരിക്കാൻ ഗേറ്റും ഓഫീസും പണിമുടക്ക് അനുകൂലികൾ താഴിട്ടുപൂട്ടി. നെല്ലിക്കുഴി ഗവണ്മെന്റ് ഹൈസ്കൂളിൽ ഇന്നലെ രാവിലെ അധ്യാപകരെത്തിയപ്പോഴാണ് പതിവ് താഴിനു പുറമെ മറ്റൊരു താഴ്കൂടിയിട്ട് ഗേറ്റ് പൂട്ടിയിരിക്കുന്നത് കണ്ടത്.
വിവരമറിഞ്ഞ് പിടിഎ ഭാരവാഹികളും പോലീസും സ്ഥലത്തെത്തി. പോലീസിന്റെ നിർദേശ പ്രകാരം താഴു പൊളിച്ചാണ് ഗേറ്റ് തുറന്ന അകത്തു കടന്നത്. പിന്നീടാണ് ഓഫീസും പുറമേ നിന്നുള്ളവർ പൂട്ടിയതായി കണ്ടത്. മൂന്ന് ചെറിയ താഴുകളാണ് ഉപയോഗിച്ചിരുന്നത്. സാധാരണ ഉപയോഗിച്ചിരുന്ന വലിയ താഴ് നീക്കം ചെയ്തിരുന്നു. വീണ്ടും പോലീസെത്തി താഴ് തകർത്താണ് ഓഫീസും തുറന്നത്.
പണിമുടക്ക് ദിവസങ്ങളിൽ സ്കൂൾ തുറക്കുന്നത് തടയാനാണ് ഗേറ്റും വാതിലും പൂട്ടിയതെന്നാണ് സംശയിക്കുന്നത്. പോലീസ് വിശദമായി അന്വേഷിക്കണമെന്നാണ് പിടിഎയുടെ ആവശ്യം. ഓഫീസിന്റെ വാതിൽ പൂട്ടാൻ പതിവായി ഉപയോഗിച്ചിരുന്ന വലിയ താഴ് നഷ്ടപ്പെട്ടിട്ടുണ്ട്.
ഇത് തകർത്തതിന്റെ ലക്ഷണമൊന്നും സ്ഥലത്തുണ്ടായിരുന്നില്ല. താക്കോൽ ഉപയോഗിച്ചാണ് താഴ് മാറ്റിയതെങ്കിൽ സ്കൂളുമായി ബന്ധമുള്ളവർക്ക് സംഭവത്തിൽ പങ്കുണ്ടാകുമെന്നും സംശയിക്കുന്നുണ്ട്.