
തിരുവനന്തപുരം: പ്രതിപക്ഷ തൊഴിലാളി സംഘടനകൾ നടത്തുന്ന അഖിലേന്ത്യാ പണിമുടക്ക് ദിവസമായ 26ന് നടക്കുന്ന നെറ്റ് പരീക്ഷയില്‍ പങ്കെടുക്കേണ്ട വിദ്യാര്‍ഥികള്‍ ആശങ്കയിൽ.
പണിമുടക്ക് പൊതു ഗതാഗതത്തെ ബാധിക്കുമെന്ന് ഉറപ്പായ സ്ഥിതിക്ക് പരീക്ഷയെഴുതുന്ന വിദ്യാർഥികൾക്ക് യാത്രാ സൗകര്യവും സുരക്ഷാ ക്രമീകരണമൊരുക്കണമെന്നു വിദ്യാര്‍ഥികളും രക്ഷിതാക്കളും ആവശ്യപ്പെട്ടിരുന്നു.
എന്നാൽ സർക്കാരിന്റെ ഭാഗത്തു നിന്നും ഇതുവരേയും ഇക്കാര്യത്തിൽ തീരുമാനം വന്നിട്ടില്ല. ഇതോടെയാണ് വിദ്യാർഥികൾ കടുത്ത ആശങ്കയിലായിരിക്കുന്നത്.
അന്നേ ദിവസം രാവിലെയും ഉച്ചകഴിഞ്ഞുമാണ് നെറ്റ് പരീക്ഷ നടത്തുന്നത്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പരീക്ഷാ സെന്ററുകളുമുണ്ട്. സംസ്ഥാനത്ത് എല്‍ഡിഎഫ്, യുഡിഎഫ് അനുകൂല ട്രേഡ് യൂണിയനുകള്‍ പണിമുടക്കില്‍ പങ്കെടുക്കുന്ന പശ്ചാത്തലത്തില്‍ പൊതു വാഹനഗതാഗതം നിശ്ചലമാകും.
ഈ മാസം 26 ന് സെന്‍ട്രല്‍ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിലാണ് അഖിലേന്ത്യാ പണിമുടക്ക് പ്രഖ്യാപിച്ചിട്ടുള്ളത്. പൊതുമേഖലാ ബാങ്ക് ജീവനക്കാരും മോട്ടോര്‍ തൊഴിലാളികളുമടക്കമുള്ളവര്‍ പണിമുടക്കില്‍ പങ്കെടുക്കുമെന്നാണ് സൂചന.