പത്തനാപുരം: എ ഐ ടി യു സി നിലപാടില്‍ പ്രതിഷേധം വ്യാപകമാകുന്നു.ദേശീയ പണിമുടക്കില്‍ പങ്കെടുക്കാതെ സിപിഐ നിയന്ത്രണത്തിലുള്ള സ്റ്റേറ്റ് ഫാമിംഗ് കോര്‍പറേഷനില്‍ തൊഴിലെടുത്ത യൂണിയന് നേതാക്കളുടെയും,പ്രവര്‍ത്തകരുടെയും നിലപാടിനെതിരെയാണ് പ്രതിഷേധം ശക്തമാകുന്നത്.
രാജ്യവ്യാപകമായി പ്രതിപക്ഷ കക്ഷികള്‍ ആഹ്വാനം ചെയ്ത പണിമുടക്കില്‍ പങ്കെടുക്കാതെ ഒരുവിഭാഗം എ ഐ റ്റി യു സി തൊഴിലാളികള്‍.സ്റ്റേറ്റ് ഫാമിംഗ് കോര്‍പ്പറേഷനിലെ സിപിഐ അനുകൂല തൊഴിലാളി സംഘടനയാണ് പണിമുടക്കില്‍ പങ്കെടുക്കാതെ തൊഴിലെടുത്തത്.എസ്എഫ്സികെയിലെ ടാപ്പിംഗ് സൂപ്പര്‍വൈസര്‍മാരും,ടാപ്പിംഗ് തൊഴിലാളികളുമുള്‍പ്പെടെ സംഘടനയില്‍പ്പെട്ടവര്‍ കുമരംകുടി,ചിതല്‍വെട്ടി ഉള്‍പ്പെടെയുള്ള എസ്റ്റേറ്റുകളിലെത്തി പണിയെടുക്കുകയും,ഹാജര്‍ രേഖപ്പെടുത്തുകയും ചെയ്തു.
എസ്എഫ്സികെ സിപിഐ ഭരിക്കുന്ന കൃഷി വകുപ്പിന് കീഴിലാണ്.എന്നാല്‍ പത്തനാപുരത്ത് നടന്ന പ്രതിഷേധ പ്രകടനത്തില്‍ സിപിഐ നേതാക്കള്‍ പങ്കെടുക്കുകയും ചെയ്തിരുന്നു.എഐടിയുസി നിലപാടില്‍ സിഐടിയു,ഐഎന്‍ റ്റിയുസി ഉള്‍പ്പെടെയുള്ള തൊഴിലാളി സംഘടനകള്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.