പുത്തൂർ: പണിമുടക്കോ… എന്തു പണിമുടക്ക്…..ഭായി….ഞങ്ങൾക്കു ദിവസവും പണിയുണ്ടായിട്ടുവേണ്ടേ പണിമുടക്കാൻ.
തൊഴിലാളികളുടെ പേരിലാണ് പണിമുടക്ക് എങ്കിലും പണി തേടി പണിമുടക്കുദിനം തൊഴിലാളികൾ കൂട്ടമായി എത്തിയതു കൗതുകക്കാഴ്ചയായി.
രാജ്യവ്യാപകമാണ് പണിമുടക്കെങ്കിലും തങ്ങളുടെ നാട്ടിൽ പണിമുടക്ക് ബാധിച്ചിട്ടില്ലെന്നും കുട്ടനെല്ലൂർ ഓവർബ്രിഡ്ജിനു സമീപം പണിതേടി എത്തിയ ബംഗാൾ സ്വദേശി റഹീം പറഞ്ഞു.
ഭാര്യയും മൂന്നു കുട്ടികളുമാണ് റഹീമിനുള്ളത്. ആഴ്ചയിലാണു വീട്ടിലേക്കു പൈസ അയയ്ക്കുക. രണ്ടു ദിവസം പണി നഷ്ടപ്പെട്ടാൽ പൈസ അയയ്ക്കാൻ പറ്റില്ല.
ഇത് ഒരു റഹീമിന്റെ മാത്രം കാര്യമല്ല. ഇവിടെ പണി തേടി വന്നെത്തുന്നവർക്കു സ്ഥിരമായി പണി ലഭിക്കാറില്ല. കെട്ടിടനിർമാണവുമായി ബന്ധപ്പെട്ട തൊഴിലാളികളാണ് ഇവിടെ ഏറെയും ഉള്ളത്.
കഴിഞ്ഞ രണ്ടു ദിവസമായി നടന്ന പണിമുടക്കിൽ ജോലിയില്ലാതെ ബുദ്ധിമുട്ടിലായതു നൂറുകണക്കിനു സാധാരണക്കാരായ തൊഴിലാളികളാണ്.
രാവിലെ തന്നെ ഭക്ഷണമൊക്കെ ഉണ്ടാക്കി പൊതിയാക്കിയാണ് തൊഴിൽ തേടി ഈ ഓവർബ്രിഡ്ജിന് അടിയിലേക്കു തൊഴിലാളികൾ പണിതേടി വരുന്നത്.
പൊതുപണിമുടക്കിനു മുന്പ് കഴിഞ്ഞ നാലുദിവസമായി പണിക്കുപോകാൻ പറ്റാതിരുന്ന നിരവധി സാധാരണക്കാരായ തൊഴിലാളികൾ വേറെയും ഉണ്ട്.
കോവിഡ് നിയന്ത്രണങ്ങൾ എല്ലാം മാറി എല്ലാ മേഖലകളിലും ഉണർവ് വരുന്നതിനിടെയാണ് ബസ് പണിമുടക്കും പൊതുപണിമുടക്കും മൂലം വരുമാനവും തൊഴിലും നഷ്ടപ്പെട്ടത്.
സാധനസാമഗ്രികളുടെ ക്ഷാമം മൂലമാണ് നിർമാണ മേഖലയിലും പണികൾ കുറയുന്നുണ്ട്.