കൊച്ചി: ബ്ലേഡ് മാഫിയയെ തുരത്താനുള്ള നടപടികൾ പോലീസ് ശക്തമാക്കുന്പോഴും പുതിയ രൂപത്തിലും ഭാവത്തിലും ബ്ലേഡുകാർ വീണ്ടും രംഗത്ത്. ചീട്ടുകളിക്കുപോലും പണം പലിശയ്ക്കു നൽകുന്ന ചില സംഘം കൊച്ചിയിൽ തലപൊക്കിയതായാണു പോലീസ് കണ്ടെത്തിയിട്ടുള്ളത്.
ഇവരെ പിടികൂടാനുള്ള നടപടികൾ ആരംഭിച്ചതായും വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും അധികൃതർ പറഞ്ഞു. മുച്ചീട്ടുകളി വ്യാപകമായ കൊച്ചിയുടെ വിവിധ പ്രദേശങ്ങളിൽ പോലീസ് നടത്തിയ റെയ്ഡിൽ ലക്ഷങ്ങൾ പിടിച്ചെടുത്ത സംഭവങ്ങൾ നടന്നിട്ടുണ്ട്. മുന്തിയ വാഹനങ്ങളും വീടുകൾവരെയും പന്തയംവച്ച് ചീട്ടുകളിൽ ഏർപ്പെട്ടവരും ഏറെയായിരുന്നു.
പോലീസ് നിരീക്ഷണം കൂടിയതോടെ ഏതാനും നാളുകൾമുന്പുവരെ ഇത്തരം ചീട്ടുകളി ഒരു പരിധിവരെ കുറഞ്ഞിരുന്നെങ്കിലും നിലവിൽ വർധിക്കുന്നതായും സൂചനയുണ്ട്. പോലീസിന്റെ വലയിൽ അകപ്പെടാതിരിക്കാൻ പല മാർഗങ്ങളിലൂടെയാണ് ചീട്ടുകളി സംഘത്തിന്റെ പ്രവർത്തനം. ഇവർക്കു പലിശയ്ക്ക് പണം നൽകുന്നവരാകട്ടെ ഇവയ്ക്ക് മറപിടിക്കുകയാണത്രേ. എല്ലാ സൗകര്യങ്ങളും ഒരുക്കികൊടുക്കുന്ന സംഘവും സജീവം.
പണിമുടക്ക്, ഹർത്താൽ ദിവസങ്ങളിൽ പലിശയ്ക്കു പണമെടുത്ത് മുച്ചീട്ട് കളിച്ച അഞ്ചംഗ സംഘം പിടിയിലായതോടെയാണ് ഇതു സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പോലീസിനു ലഭിച്ചത്. കൊച്ചി സിറ്റി ഷാഡോ പോലീസിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് അഞ്ചു പേരെ ചെട്ടിച്ചിറ ബിവറേജിന് സമീപത്തുള്ള രഹസ്യത്താവളത്തിൽനിന്നു പോലീസ് പിടികൂടിയത്.
ഇവരിൽനിന്ന് 31,000 രൂപയും കണ്ടെടുത്തു. ഹർത്താൽ, പണിമുടക്ക് ദിവസങ്ങളിൽ നടത്തപ്പെടുന്ന ഇത്തരം ചീട്ടുകളിക്ക് ആവശ്യമായ പണം പലിശയ്ക്കു നൽകുന്ന സംഘവും ഇവർക്കിടയിൽ സജീവമായിരുന്നു. തികച്ചും ദാരിദ്രാവസ്ഥയിലുള്ള, ദിവസകൂലിക്കാരാണു പിടിയിലായത്. തുടർച്ചയായി ഉണ്ടായ ഹർത്താൽ, പണിമുടക്ക് ദിവസങ്ങളിലുണ്ടായ തൊഴിൽ നഷ്ടം മൂലമുള്ള സാന്പത്തിക നഷ്ടം നികത്താനായിരുന്നു ഇവരെല്ലാം തന്നെ പലിശയ്ക്കു പണമെടുത്ത് ചീട്ടുകളികളിൽ ഏർപ്പെട്ടതെന്നാണു അറിയാൻ കഴിഞ്ഞതെന്നു പോലീസ് പറയുന്നു.
പിടിയിലായവർ എല്ലാം തന്നെ യാതൊരു വിധ കേസുകളിലും ഉൾപ്പെട്ടിട്ടുള്ളവരല്ലെന്നും തികച്ചും സാന്പത്തിക ബുദ്ധിമുട്ടേറിയ ജീവിതാവസ്ഥയിൽ ഉള്ളവരുമാണെന്നു ക്രൈം ഡിറ്റാച്ച്മെന്റ് എസിപി ബിജി ജോർജ് പറഞ്ഞു. സാധാരണക്കാരെ ചതിയിൽപ്പെടുത്തി വിലസുന്ന പലിശയ്ക്കു പണം നൽകുന്നരെ എത്രയും വേഗം പിടികൂടാനുള്ള നടപടികൾ ആരംഭിച്ചുകഴിഞ്ഞതായും അധികൃതർ പറഞ്ഞു.