കോട്ടയം: സംയുക്ത ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ദ്വിദിന ദേശീയ പണിമുടക്ക് നാളെ അർധരാത്രി ആരംഭിക്കും. 29ന് രാത്രി 12 വരെയാണ് പണിമുടക്ക്. ഇതോടെ രണ്ടുദിവസം കേരളം പൂർണമായും നിശ്ചലമാകും.
ജനങ്ങളെ സംരക്ഷിക്കുക, രാജ്യത്തെ രക്ഷിക്കുക എന്ന മുദ്രവാക്യമുയർത്തി തൊഴിൽ വിരുദ്ധ, കർഷകവിരുദ്ധ ജനവിരുദ്ധ നയങ്ങൾക്കെതിരേ സംയുക്ത ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തിലാണ് ദ്വിദിന ദേശീയ പണിമുടക്ക്.
പണിമുടക്ക് ദിവസങ്ങളിൽ മുനിസിപ്പിൽ, പഞ്ചായത്ത് കേന്ദ്രങ്ങളിലെ സമരകേന്ദ്രം 48 മണിക്കൂറും സജീവമായിരിക്കും. പ്രസംഗങ്ങൾ, കലാപരിപാടികൾ, സംവാദങ്ങൾ എന്നിവ സമര കേന്ദ്രങ്ങളെ രാപ്പകൽ സജീവമാക്കും.
പൊതുഗതാഗതം ഒഴിവാക്കണമെന്ന് സമരസമിതി ആവശ്യപ്പെട്ടിട്ടുണ്ട്. സ്വകാര്യബസ് ജീവനക്കാർ പണിമുടക്കുന്നതിനാൽ ബസ് സർവീസ് ഉണ്ടായിരിക്കില്ല. കെഎസ്ആർടിസിയിലെ തൊഴിലാളികളും പണിമുടക്കുകയാണ്.
സർക്കാർ ജീവനക്കാരുടെ സംഘടനകളും പണിമുടക്കിനു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാപാരികളും പണിമുടക്കിനു പിന്തുണ പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന.
വ്യാപാരി സംഘടനകൾ ഇതുവരെ തീരുമാനം പ്രഖ്യാപിച്ചിട്ടില്ല. ബാങ്കിംഗ്, ഇൻഷ്വറൻസ്, താപാൽ, വ്യവസായ മേഖലകളും നിശ്ചലമാകും.
അത്യാവശ്യ സർവീസുകൾ, പാൽ, പാത്രം എന്നിവയെ പണിമുടക്കിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. യാത്ര ഒഴിവാക്കുക, കടകൾ അടയ്ക്കുക, പണിമുടക്കുക എന്ന സമരസന്ദേശമുയർത്തി സംയുക്ത ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തിൽ വിവിധ ട്രേഡ് യൂണിയൻ നേതാക്കൾ അംഗങ്ങളായി പ്രചാരണ ജാഥ നടത്തിയിരുന്നു.
ഇതു കൂടാതെ തൊഴിലാളി കുടുംബങ്ങളിൽ സമരജ്വാല തെളിക്കുകയും ചെയ്തു.ബിഎംഎസ് ഒഴികെയുള്ള മുഴുവൻ തൊഴിലാളി സംഘടനകളും പണിമുടക്കിൽ പങ്കെടുക്കുന്നതിനാൽ എല്ലാ തൊഴിൽ മേഖലകളിലും പണിമുടക്ക് പൂർണമായിരിക്കും.
പണിമുടക്കുന്ന തൊഴിലാളികൾ സംയുക്തമായി കഴിഞ്ഞയാഴ്ച തൊഴിലുടമകൾക്ക് നോട്ടീസ് നൽകിയിരുന്നു. വനിതാ തൊഴിലാളികളുടെ നേതൃത്വത്തിൽ വിളംബരജാഥയും നടത്തിയിരുന്നു.
മുഴുവൻ തൊഴിലാളികളും പണിമുടക്ക് വിജയിപ്പിക്കാൻ ഒരു മനസോടെ തയാറെടുക്കുകയാണെന്നും തൊഴിലാളികൾക്കിടയിൽ പണിമുടക്ക് വലിയ സ്വാധീനം നേടുമെന്നും കേന്ദ്ര സർക്കാർ ജനവിരുദ്ധ തൊഴിലാളി വിരുദ്ധ നയങ്ങൾ തിരുത്താൻ തയാറാകണമെന്നും സംയുക്ത ട്രേഡ് യൂണിയൻ ജില്ലാ നേതാക്കളായ ടി.ആർ. രഘുനാഥനും, വി.കെ. സന്തോഷ്കുമാറും ഫിലപ്പ് ജോസഫും അറിയിച്ചു.