കണ്ണൂർ: കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നടപടികൾക്കു താക്കീതായി സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ ആരംഭിച്ച ദ്വിദിന ദേശീയ പണിമുടക്കിൽ കണ്ണൂരും സ്തംഭിച്ചു. പണിമുടക്കിനെ തുടർന്ന് ഹെഡ് പോസ്റ്റോഫീസ്, ബിഎസ്എൻഎൽ ജില്ലാ ആസ്ഥാനകേന്ദ്രം എന്നിവ പൂർണമായും പ്രവർത്തിക്കുന്നില്ല.
സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നില്ലെങ്കിലും സ്വകാര്യ വാഹനങ്ങൾ വ്യാപകമായി നിരത്തിൽ ഇറങ്ങിയിട്ടുണ്ട്. റെയിൽവേ സ്റ്റേഷൻ, മാർക്കറ്റ് പരിസരങ്ങൾ എന്നിവിടങ്ങളിലും കണ്ണൂർ നഗരത്തിലെ ചില ഭാഗങ്ങളിലും വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കടകൾ തുറന്നിട്ടുണ്ട്. മലയോര മേഖലകളിൽ കടകൾ തുറന്നിട്ടുണ്ട്. വ്യാപാരി വ്യവസായ സമിതിയുടെ കടകൾ ഒന്നും തുറന്നിട്ടില്ല. പെട്രോൾ പന്പുകളും പ്രവർത്തിക്കുന്നില്ല.
കളക്ടറേറ്റ് അടക്കമുള്ള സർക്കാർ ഓഫീസുകളിൽ ഹാജർനില കുറവാണ്. ഉയർന്ന ഉദ്യോഗസ്ഥർ മാത്രമാണ് ജോലിക്കെത്തിയത്. ഓഫീസുകൾക്ക് പോലീസ് സംരക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്.കെഎസ്ആർടിസി സർവീസുകൾ പൂർണമായും നിർത്തിവച്ചിരിക്കുകയാണ്. ബാങ്കുകൾ, ഹോട്ടലുകൾ എന്നിവ പ്രവർത്തിക്കുന്നില്ല. എന്നാൽ ചില ഹോട്ടലുകൾ തുറന്നിട്ടുണ്ട്. വഴിയോരകച്ചവടങ്ങൾ സജീവമായിരിക്കുകയാണ്.
ഓട്ടോറിക്ഷകൾ, ടാക്സി കാറുകൾ പൂർണമായും പണിമുടക്കിയിരിക്കുകയാണ്. സംയുക്ത തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ പയ്യന്നൂരിലും കണ്ണൂരിലും തലശേരിയിലും കണ്ണപുരത്തും ട്രെയിനുകൾ തടഞ്ഞു. കണ്ണൂരിൽ ഇന്നുരാവിലെ 9.30 ഓടെ ചെന്നൈയിൽ നിന്നും മംഗളൂരുവിലേക്കു പോകുന്ന സൂപ്പർഫാസ്റ്റ് എക്സ്പ്രസാണ് തടഞ്ഞത്.
ട്രെയിൻ തടയൽ സമരം സിഐടിയു സംസ്ഥാന സെക്രട്ടറി കെ.പി. സഹദേവൻ ഉദ്ഘാടനം ചെയ്തു. എഐടിയുസി സംസ്ഥാന വൈസ് പ്രസിഡന്റ് താവം ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഐഎൻടിയുസി ദേശീയ സെക്രട്ടറി കെ. സുരേന്ദ്രൻ, തൊഴിലാളി നേതാക്കളായ അരക്കൻ ബാലൻ, കെ. അശോകൻ, പി.വി. ശശീന്ദ്രൻ, സി.പി. സന്തോഷ്കുമാർ, കെ. ഉണ്ണികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
ടൗൺ എസ്ഐ ശ്രീജിത്ത് കൊടേരി, റെയിൽവേ എസ്ഐ സുരേന്ദ്രൻ കല്യാടൻ, ആർപിഎഫ് സേനാംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ ഒരുമണിക്കൂറിനുശേഷം സമരക്കാരെ അറസ്റ്റ് ചെയ്തുനീക്കിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ കണ്ണൂർ നഗരത്തിൽ പ്രകടനവും നടത്തി.