കാട്ടാക്കട: പണിമുടക്ക് ഒന്നാം ദിനം ‘ബന്ദാ’ക്കി സമരാനുകൂലികൾ. വിവിധ ഇടങ്ങളില്‍ സമരക്കാര്‍ വാഹനങ്ങള്‍ വ്യാപകമായി തടഞ്ഞു.
കാട്ടാക്കടയില്‍ സമരാനുകൂലികളും ബിജെപി പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റമുണ്ടായി. പൊതുസമ്മേളനം നടക്കുന്ന സ്ഥലത്ത് റോഡിന് കുറുകെ കസേര നിരത്തിയിട്ട് വാഹനങ്ങൾ കടത്തിവിടാതെ സമരക്കാർ വഴിതടഞ്ഞു.
കസേരകൾ മാറ്റണമെന്നും സഞ്ചാര സ്വാതന്ത്യം അനുവദിക്കണമെന്നും അതുവഴി വന്ന ബിജെപി പ്രവര്‍ത്തകരിലൊരാൾ ആവശ്യപ്പെട്ടു.
ഇതിനു വഴങ്ങാതെ അക്രമാസക്തരായ സമരാനുകൂലികൾ ഇദ്ദേഹത്തെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചു. സംഭവമറിഞ്ഞ് കൂടുതൽ ബിജെപി പ്രവർത്തകർ സ്ഥലത്തെത്തി.
തുടർന്ന് പോലീസ് ഇടപെട്ട് ഇരുകൂട്ടരെയും അനുനയിപ്പിച്ച് പ്രശ്നം അവസാനിപ്പിച്ചു.സ്വകാര്യ വാഹനങ്ങൾ തടയില്ലെന്ന നേതാക്കളുടെ പ്രഖ്യാപനത്തിന് പുല്ലുവില കൽപ്പിക്കാതെയാണ് കോൺഗ്രസ് – ഇടത് പ്രവർത്തകർ സംഘം ചേർന്ന് അക്രമങ്ങൾ അഴിച്ചുവിട്ടത്. സ്ഥലത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.