കൊല്ലം: സംയുക്ത ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത 48 മണിക്കൂർ പണിമുടക്ക് ജില്ലയിൽ ഇന്നും ഏറെക്കുറെ പൂർണം. കെഎസ്ആർടിസി ബസുകളും സ്വകാര്യബസുകളും സർവീസ് നടത്തുന്നില്ല. ഓട്ടോറിക്ഷകൾ കൂടാതെ സ്വകാര്യ വാഹനങ്ങൾ നിരത്തിലുണ്ട്. സ്കൂളുകളും ബാങ്കുകളും ഇന്നും അടഞ്ഞുകിടക്കുകയാണ്. സർക്കാർ ഓഫീസുകളിൽ ഹാജർ നില കുറവാണ്. ഇന്നലെത്തേതിൽനിന്ന് വ്യത്യസ്തമായി കുറെ കടകൾ കൂടി ഇന്ന് തുറന്നിട്ടുണ്ട്.കൊല്ലം നഗരത്തിൽ മെയിൻ റോഡിലും ബീച്ച് റോഡിലും കടകൾ മിക്കതും തുറന്നിട്ടുണ്ട്.
എന്നാൽ വാഹനങ്ങൾ ഒന്നും ഇല്ലാതിരുന്നതിനാൽ നഗരനിരത്തുകളിൽ തിരക്ക് കുറവാണ്. വിജനമായ ബസ് പ്പുകളാണ് കാണാൻ കഴിയുന്നത്. ഇന്ന് ജില്ലയിൽ ട്രെയിൽ തടയൽ ഉണ്ടാകില്ല. ഇന്നലെ കൊല്ലത്ത് ട്രെയിൻ തടഞ്ഞ 25പേർക്കെതിരെ കേസെടുത്തു. മറ്റ് കണ്ടാലറിയാവുന്ന 60പേർക്കെതിരെ കേസുണ്ട്. പരവൂരിൽ ട്രെയിൻ തടഞ്ഞതിന് എംഎൽഎ ഉൾപ്പടെ 15പേർക്കെതിരെ കേസടുത്തു.
ഇവിടെയും കണ്ടാലറിയാവുന്ന പലരും കേസിൽ ഉൾപ്പെട്ടിട്ടുണ്ട്. കരുനാഗപ്പള്ളിയിൽ 20പേർക്കെതിരെ കേസെടുത്തു.ഇന്ന് പെട്രോൾ പന്പുകൾ മിക്കതുംതുറന്നുപ്രവർത്തിക്കുന്നു. ജില്ലയിൽ ഒരിടത്തുനിന്നും കാര്യമായ അനിഷ്ട സംഭവങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സംയുക്ത തൊഴിലാളി യൂണിയന്റെ നേതൃത്വത്തിലുള്ള ദേശീയ പണിമുടക്ക് പത്തനാപുരം തുടങ്ങിയ മലയോര മേഖലയിൽ രണ്ടാം ദിനവും തുടരുന്നു.
ഗ്രാമീണമേഖലകളില്‍ ഏതാനും വ്യാപാര സ്ഥാപനങ്ങള്‍ ഇന്ന് തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ട്.ഇത്തരം പ്രദേശങ്ങളിലെ വിദ്യാലയങ്ങളും പ്രവര്‍ത്തനം നടത്തുന്നുണ്ട്.തൊഴിലില്ലായ്മ പരിഹരിക്കുക, പ്രതിമാസവരുമാനം 18,000 രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. ബിഎംഎസ് ഒഴികെയുള്ള തൊഴിലാളി സംഘടനകളെല്ലാം 48 മണിക്കൂര്‍ പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്. ബസ്, ഓട്ടോ, ടാക്സി സര്‍വീസുകള്‍ കിഴക്കൻ മേഖലയിൽ പൂർണ്ണമായും നിലച്ചു.
കെഎസ്ഐആർടിസി തൊഴിലാളികളും പണിമുടക്കുന്നതിനാൽ പത്തനാപുരം ഡിപ്പോയിലെ സർവ്വീസുകൾ നിശ്ചലമായി.പത്തനാപുരം നഗരത്തിൽ ഏതാനും ചില കടകളും സ്ഥാപനങ്ങളും തുറന്നു പ്രവർത്തിച്ചു. സ്വകാര്യ വാഹനങ്ങൾ എന്നത്തേതും പോലെ നിരത്തിലിറങ്ങി.സ്കൂളുകള്‍ക്കും സർക്കാർ ഓഫീസുകൾക്കും പ്രവൃത്തി ദിവസങ്ങളാണെങ്കിലും ബഹൂഭൂരിപക്ഷം അധ്യാപകരും ജീവനക്കാരും എത്തിയില്ല.
ആശുപത്രികളെ ഒഴിവാക്കിയിട്ടുണ്ടെങ്കിലും സര്‍ക്കാര്‍, സഹകരണ മേഖലയിലെ ഓഫീസുകളും അസംഘടിത മേഖലയിലെ തൊഴിലാളികളും ഇന്നലെ ജോലിയില്‍ നിന്ന് വിട്ടു നിന്നു. പണിമുടക്കിന് അഭിവാദ്യമർപ്പിച്ച് പത്തനാപുരം,കുന്നിക്കോട് എന്നിവിടങ്ങളില്‍ പ്രകടനം നടന്നു.