കോഴിക്കോട്: സര്‍ക്കാറിന്റെ പൂര്ണപിന്തുണയോടെ നടക്കുന്ന ദേശീയ പണിമുടക്കിന് തുറന്നുപ്രവര്‍ത്തിക്കുന്ന കടകള്‍ക്ക് സംരക്ഷണം ആവശ്യപ്പെട്ട് വ്യാപാരികള്‍ . ഹര്‍ത്താല്‍ വിരുദ്ധ കൂട്ടായ്മയാണ് എട്ട്, ഒന്‍പത് ദിവസങ്ങളില്‍ നടക്കുന്ന പണിമുടക്കില്‍ തുറന്നുപ്രവര്‍ത്തിക്കുന്ന കടകള്‍ക്ക് സംരക്ഷണം ആവശ്യപ്പെട്ടത്. ഇക്കാര്യമുന്നയിച്ച് മുഖ്യമന്ത്രിക്ക് കത്ത് നല്‍കുമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്റും ഹര്‍ത്താല്‍ വിരുദ്ധ കൂട്ടായ്മ പ്രസിഡന്റുമായ ടി.നസറുദ്ദീന്‍ അറിയിച്ചു.
ശബരിമല യുവതി പ്രവേശവുമായി ബന്ധപ്പെട്ട് കര്‍മസമിതി ബിജെപി പിന്തുണയോടെ നടത്തിയ ഹര്‍ത്താലില്‍ പോലീസിന്റെ പരിപൂര്‍ണമായ സഹകരണം വ്യാപാരികള്‍ക്ക് ലഭിച്ചിരുന്നില്ല. തുറന്നു പ്രവര്‍ത്തിക്കുന്ന കടകള്‍ക്ക് സംരക്ഷണം നല്‍കണമെന്ന് ഡിജിപിയുടെ നിര്‍ദേശമുണ്ടായിട്ടും അത് നടപ്പാക്കുന്നതില്‍ പോലീസിന് വീഴ്ചയുണ്ടായി. ഹര്‍ത്താലില്‍ സംസ്ഥാനത്താകെ 10 കോടി രൂപയുടെ നാശനഷ്ടമാണ് വ്യാപാരമേഖലയിലുണ്ടായത്.
കോഴിക്കോട് മിഠായിതെരുവില്‍ മാത്രം 16 കടകളാണ് നശിപ്പിച്ചത്. 1,63,000 രൂപയുടെ നാശനഷ്ടമാണിവിടെ മാത്രമുണ്ടായിട്ടുള്ളത്. ഹര്‍ത്താലിനെ തുടര്‍ന്ന് നൂറുകോടിയുടെ വ്യാപാരനഷ്ടവും ഉണ്ടായിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് കടകള്‍ക്ക് പൂര്‍ണ സംരക്ഷണം നല്‍കണമെന്ന് വ്യാപാരികള്‍ ആവശ്യപ്പെടുന്നത്.
പലയിടത്തും തുറന്ന് പ്രവര്‍ത്തിച്ച കടകള്‍ക്ക് ഡിവൈഎഫ്ഐ പിന്തുണയുമായി രംഗത്തെത്തിയിരുന്നു. ഹര്‍ത്താല്‍ അനുകൂലികള്‍ക്കെതിരേ ഇവര്‍ പ്രത്യക്ഷമായി രംഗത്തിറങ്ങുകയും ചെയ്തിരുന്നു. എന്നാല്‍ പണിമുടക്കിന് ഈ സംഘടനകള്‍ കൂടി പിന്തുണ നല്‍കുന്നുണ്ട്. തുറന്നു പ്രവര്‍ത്തിക്കുന്ന കടകള്‍ക്ക് നേരെ ഇവര്‍ സ്വീകരിക്കുന്ന നിലപാട് എന്താണെന്നതും വ്യാപാരികള്‍ക്കിടയില്‍ ആശങ്ക ഉണ്ടാക്കുന്നുണ്ട്.
അതേസമയം 2019 ഹര്‍ത്താല്‍ വിരുദ്ധ വര്‍ഷമായി ആചരിക്കുന്ന സാഹചര്യത്തില്‍ ഏതു വിധേനയും ഹര്‍ത്താലിനെ പ്രതിരോധിക്കാനാണ് ഹര്‍ത്താല്‍വിരുദ്ധ കൂട്ടായ്മ തീരുമാനിച്ചിരിക്കുന്നത്.സംസ്ഥാനത്തെ 92 വ്യാപാരി സംഘടനകള്‍ ഉള്‍പ്പെട്ട കോ-ഓര്‍ഡിനേഷന്‍ കമ്മറ്റി പണിമുടക്ക് ദിവസം കടകള്‍ തുറന്നു പ്രവര്‍ത്തിക്കുമെന്ന് എല്ലാതൊഴിലാളി സംഘടനാ നേതാക്കളേയും അറിയിച്ചിട്ടുണ്ട്.
പണിമുടക്കിനോട് വ്യാപാരി സമൂഹത്തിന് അനുഭാവമുണ്ട്. തൊഴിലാളികള്‍ നടത്തുന്ന പണിമുടക്ക് ന്യായവുമാണ്. എന്നാല്‍ ഇത്തരത്തിലുള്ള പണിമുടക്കുകള്‍ ഹര്‍ത്താലാക്കി മാറ്റരുതെന്നാണ് ഹര്‍ത്താല്‍ വിരുദ്ധ കൂട്ടായ്മ ആവശ്യപ്പെടുന്നത്. മറ്റു സംസ്ഥാനങ്ങളിലേതുപോലെ പണിമുടക്ക് ഒരു ദിവസമായി ചുരുക്കണമെന്ന് ട്രേഡ് യൂണിയന് അഖിലേന്ത്യാ നേതാക്കളോടും ആവശ്യപ്പെട്ടിട്ടുണ്ട്.