സ്വന്തം ലേഖകൻ
തൃശൂർ : മരണമില്ലാത്ത ഭാവഗായകൻ എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ അനശ്വര ഗാനങ്ങളെ കോർത്തിണക്കി എസ്പിബിക്ക് “തേൻ കവിതൈ’ എന്ന പേരിൽ പാനിപൂരിയുടെ ഗാനാഞ്ജലി.
തൃശൂർ ദേവമാത സ്കൂളിൽ പഠിക്കുന്ന വിദ്യാർഥികളും അവിടെ നിന്ന് പഠിച്ചിറങ്ങിയവരുമെല്ലാം ചേർന്നുള്ള മ്യൂസിക് ബാൻഡായ പാനിപൂരി എസ്പിബിയുടെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് ഒരുക്കിയ ഈ ഗാനാഞ്ജലി യൂ ട്യൂബിൽ നിരവധി പേർ കണ്ടും കേട്ടും കഴിഞ്ഞു.
പ്രശസ്ത ഗായികയും നടിയുമായ അപർണ ബാലമുരളിയും അപർണയുടെ അച്ഛനും സംഗീതജ്ഞനുമായ ബാലമുരളിയും നേതൃത്വം നൽകുന്ന പാനിപൂരി ഇതിനു മുൻപും വിവിധ ഗാനാവിഷ്കാരങ്ങളിലൂടെ ആസ്വാദകഹൃദയം കവർന്നിട്ടുണ്ട്.
എസ്പിബിയുടെ ഹിറ്റ് ഗാനങ്ങളായ പുതുപുതു അർഥങ്ങൾ എന്ന ചിത്രത്തിലെ കേളടി കണ്മണീ എന്ന ഗാനത്തിൽ നിന്നും തുടങ്ങി ഉദയഗീതം എന്ന ചിത്രത്തിലെ പാടു നിലവേ എന്ന ഗാനത്തിലൂടെ ദളപതിയിലെ സുന്ദരി കണ്ണാൽ ഒരു സേതി എന്ന ഗാനത്തിലാണ് ഗാനാഞ്ജലി പൂർണമാകുന്നത്.
ബാലമുരളിയാണ് പാനിപൂരിയുടെ ഈ ഗാനാഞ്ജലി ഒരുക്കിയത്. മലയാളത്തിലെ യുവഗായകരിൽ ശ്രദ്ധേയരായ ഹരിത ഹരീഷ്, അഞ്ജലി വാര്യർ എന്നിവരാണ് പാട്ടുകൾ പാടിയത്. കെ.പി. ബാലമുരളി (വീണ), അമിത് സാജൻ (കീ ബോർഡ്), സാൻവിൻ ജെനിൽ (ഫൽട്ട്) എന്നിവരാണ് തേൻ കവിതൈയ്ക്കു വേണ്ടി ഈണങ്ങൾ തീർത്തത്.
പ്രശസ്ത ക്യാമറാമാനും സിനിമ സംവിധായകനുമായ സുദീപ് ഈയെസാണ് തേൻ കവിതൈയ്ക്ക് മനോഹരമായ ദൃശ്യാവിഷ്കാരം നൽകി സംവിധാനം ചെയ്തത്. ബൈജു വാസു, ഷിബിൻ ശിവദാസ്, കലൈ ചെന്നൈ, ഹരികൃഷ്ണൻ, സുനീഷ് എന്നിവരാണ് അണിയറ പ്രവർത്തകർ.